'ആശുപത്രി തകർത്തത് ബിജെപി'; ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി, ഡോക്ടർമാർ സമരം നിർത്തണമെന്നും ആവശ്യം
കൊൽക്കത്ത: പശ്ചിമബംഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ആശുപത്രി അടിച്ചു തകർത്ത സംഭവത്തിൽ ബിജെപിക്കെതിരെ ആരോപണമുന്നയിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്നലെ അക്രമം നടത്തിയത് വിദ്യർത്ഥികളോ സംഘടനയുമായി ബന്ധപ്പെട്ടവരോ അല്ലെന്നും അക്രമികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നുമാണ് മമത ബാനർജിയുടെ പറഞ്ഞത്. ഡോക്ടർമാർ സമരം നിർത്തണമെന്നും മമത ആവശ്യപ്പെട്ടു. ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ സർക്കാരിനോട് ഗവർണർ വിശദീകരണം ആവിശ്യപ്പെട്ടിടുണ്ട്.
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത നിറയ്ക്കുന്നണ് പുതിയ സംഭവവികാസങ്ങൾ. ഇന്നലെ അർദ്ധരാത്രിയാണ് ഡോക്ടർമാരുടെ സമര പന്തലിലേക്ക് ഒരുസംഘം അക്രമികൾ പാഞ്ഞെത്തിയത്.അക്രമികൾ ആശുപത്രിയും സമരവേദിയും അടിച്ചുതകർക്കുകയും ഡോക്ടർമാരുൾപ്പടെ സമരം ചെയ്യുന്നവരെ മർദിക്കുകയും ചെയ്തു. നിരവധി പൊലിസുകാർക്കും പരിക്കു പറ്റിയിട്ടുണ്ട്. ആശുപത്രിയിലെ അത്യാഹിത വിഭാഗമടക്കം പൂർണമായും അക്രമികൾ അടിച്ചു തകർത്തു. സിസിടിവി ക്യാമറകളും കംപ്യൂട്ടറുകളും തകർത്തു. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന വൻ പൊലിസ് സംഘം എല്ലാത്തിനും മൂകസാക്ഷികളായി നിന്നെന്നാണ് ദൃക്സാക്ഷികളുടെ പറയുന്നത്.
അക്രമികൾ മമത ബാനർജിയുടെ ഗുണ്ടകളാണെന്നും തെളിവ് നശിപ്പിക്കാനാണ് അക്രമം അഴിച്ചുവിട്ടതെന്നും ബിജെപിയും ആരോപണം ഉന്നയിച്ചു. സാമ്രാജ്യം തകർന്നു തുടങ്ങിയ മമത ഭയത്തിലാണെന്നും നേതാക്കൾ വിമർശിച്ചു. അക്രമികൾ എല്ലാ സീമകളും ലംഘിച്ചെന്നും രാഷ്ട്രീയം നോക്കാതെ അക്രമികൾക്കെതിരെ 24 മണിക്കൂറിനകം നടപടിയുണ്ടാകുമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി പറഞ്ഞു. ആശുപത്രിയിൽ സുരക്ഷ ശക്തമാക്കുമെന്നും അഭിഷേക് ബാനർജി ഉറപ്പ് നൽകിയിട്ടുണ്ട്. കൊലപാതകം നടന്ന സെമിനാർ ഹാളിലേക്ക് അക്രമികൾ എത്തിയിട്ടില്ലെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കൊൽക്കത്ത പൊലിസ് അറിയിച്ചു.
അതേസമയം കോടതി നിർദേശ പ്രകാരം കേസെടുത്ത സിബിഐ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അറസ്റ്റിലായ സിവിൽ വളണ്ടിയറെ കൂടാതെ ആശുപത്രിയിലെ ചില ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും പീഡനത്തിൽ പങ്കുണ്ടെന്നും ഉന്നത രാഷ്ട്രീയ ബന്ധമുള്ള ഇവരെ പൊലിസ് സംരക്ഷിക്കുകയാണെന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."