തമിഴ്‌നാട് ബി.എസ്.പി അധ്യക്ഷന്റെ കൊലപാതകം; കുപ്രസിദ്ധ ഗുണ്ട ആര്‍ക്കോട്ട് സുരേഷിന്റെ ഭാര്യ അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട്ടിലെ ബി.എസ്.പി. അധ്യക്ഷന്‍ കെ. ആസംട്രോങ്ങിന്റെ കൊലപാതകക്കേസില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് ആര്‍ക്കോട് സുരേഷിന്റെ ഭാര്യ എസ്. പോര്‍ക്കൊടി പിടിയില്‍. ഇവരെ ഗൂഢാലോചന കുറ്റംചുമത്തിയാണ് അറസ്റ്റുചെയ്തത്. ആന്ധ്രാപ്രദേശില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ചെന്നൈയിലെത്തിച്ച് റിമാന്‍ഡ് ചെയ്തു.
ആരുദ്ര സ്വര്‍ണനിക്ഷേപപദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഗോള്‍ഡ് ട്രേഡിങ് കമ്പനിയെ പിന്തുണച്ച ആര്‍ക്കോട് സുരേഷ് നേരത്തെ കൊല്ലപ്പെട്ടിരുന്നു.
ക്വട്ടേഷന്‍ പണം പോര്‍ക്കൊടിയുടെ അക്കൗണ്ട് വഴിയാണ് കൈകാര്യം ചെയ്തതെന്ന് പൊലിസ് നേരത്തെ കണ്ടെത്തിയിരുന്നു. ഭര്‍ത്താവിന്റെ കൊലപാതകത്തിന് പ്രതികാരമായി ആംസ്ട്രോങ്ങിനെ വധിക്കാനുള്ള പ്രതിഫലമാണ് പോര്‍ക്കൊടി തനിക്ക് നല്‍കി ഒന്നരലക്ഷം രൂപയെന്ന് നേരത്തെ പിടിയിലായ പൊന്നൈ ബാലു പൊലിസിന് മൊഴി നല്‍കിയിരുന്നു.
ജൂലൈ അഞ്ചിനാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ ആംസ്ട്രോങ് കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെ പെരമ്പൂരിലെ വീട്ടിലേക്കു വാഹനത്തില്‍ വരുന്നതിനിടെ സാന്തയപ്പന്‍ സ്ട്രീറ്റില്‍ തടഞ്ഞുനിര്‍ത്തി ഇദ്ദേഹത്തെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആംസ്‌ട്രോങ്ങിനെ ഗ്രീംസ് റോഡിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."