ഓണം അടുത്തിട്ടും സ്‌കൂളുകളില്‍ ഫര്‍ണിച്ചര്‍ എത്തിയില്ല
മലപ്പുറം: ജില്ലയിലെ കുട്ടികള്‍ക്കു സൗകര്യപൂര്‍വ്വം ഇരുന്നു പഠിക്കാനായി ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച മാതൃകാ പദ്ധതിയെ കരാര്‍ ഏറ്റെടുത്ത സര്‍ക്കാര്‍ ഏജന്‍സി അട്ടിമറിച്ചു. അധ്യയന വര്‍ഷം ആരംഭിക്കുന്ന ഘടത്തില്‍ തന്നെ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്‌കൂളുകള്‍ക്കാവശ്യമായ ഫര്‍ണിച്ചര്‍ ലഭ്യമാക്കുക എന്ന പദ്ധതിയാണ്. ഇതിന്റെ കരാര്‍ ഏറ്റെടുത്ത സര്‍ക്കാര്‍ സ്ഥാപനമായ സിഡ്‌കോയാണു സ്‌കൂള്‍ തുറന്ന് ഓണപ്പരീക്ഷ തുടങ്ങിയിട്ടും പൂര്‍ത്തിയാക്കാതിരിക്കുന്നത്. ഓരോ വിദ്യാലയത്തിലും പഠിക്കുന്ന കുട്ടികളുടെ എണ്ണവും നിലവില്‍ സ്‌കൂളില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ബെഞ്ച്, ഡസ്‌ക് എന്നിവയുടെ എണ്ണവും ശേഖരിച്ചതിനു ശേഷം ഒരു ബെഞ്ചിന്മേല്‍ നാലു കുട്ടികള്‍ക്കിരുന്നു പഠിക്കുവാന്‍ സൗകര്യപ്പെടുത്തുന്ന വിധത്തില്‍ ഫര്‍ണീച്ചറുകള്‍ ലഭ്യമാക്കുക എന്നതായിരുന്നു ജില്ലാ പഞ്ചായത്തിന്റെ കര്‍മ പദ്ധതി. ഇത്തരത്തില്‍ 5351 ജോഡി ബെഞ്ചും ഡസ്‌കുമാണു നല്‍കാനിരുന്നത്. ഇതിനായി 2.63 കോടി രൂപയും വകയിരുത്തി. വിദ്യാലയങ്ങളിലെ ഓഫിസുകളിലും സ്റ്റാഫ് റൂമുകളിലും ആവശ്യമുള്ള മേശ, കസേര, അലമാര തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നല്‍കുന്നുണ്ട്. ഇതിനായി 73 ലക്ഷം രൂപയും നീക്കി വെച്ചു. ഈ പദ്ധതിയാണ് കരാര്‍ ഏജന്‍സിയുടെ വീഴ്ച കാരണം പല സ്‌കൂളുകളിലും ഇതുവരെ നടപ്പാക്കാന്‍ കഴിയാതെ പോയത്.
ജില്ലാ പഞ്ചായത്തിനു കീഴില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും ബന്ധപ്പെട്ട കരാര്‍ ഏജന്‍സികളുടെ വീഴ്ച കാരണം പൂര്‍ത്തിയായിട്ടില്ല. വിവിധ ഇടങ്ങളിലായി 64 മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനാണു ജില്ലാ പഞ്ചായത്ത് ലക്ഷ്യം. പല സ്ഥലങ്ങളിലും മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചെങ്കിലും പലയിടങ്ങളിലും കുഴി എടുക്കുന്ന പ്രവൃത്തി പോലും പൂര്‍ത്തിയായിട്ടില്ല. അതേസമയം വര്‍ഷങ്ങളായി സ്‌കൂളുകളിലെ ഫര്‍ണിച്ചര്‍ വിതരണം സിഡ്‌കോയാണു നിര്‍വഹിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രമേ കരാര്‍ നല്‍കാവൂ എന്നാണു വ്യവസ്ഥ.
സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കരാര്‍ ഏല്‍പ്പിക്കുന്നതാണ് ഇത്തരം പദ്ധതികള്‍ വൈകാന്‍ കാരണമെന്നും ഇത്തരം പ്രവൃത്തികള്‍ ഓപ്പണ്‍ ടെന്‍ഡര്‍ വഴി കുറഞ്ഞ നിരക്കില്‍ കരാര്‍ കൈമാറണമെന്നും ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അംഗം ടി.പി അഷ്‌റഫലി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."