അമ്മയിലെ രാജി നവീകരണത്തിന് തുടക്കമാകട്ടെ; ലൈംഗികാതിക്രമം നടത്തിയ എല്ലാവരുടേയും പേരുകള്‍ പുറത്തുവരണം: ഫെഫ്ക
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗിക അതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേരുകള്‍ പുറത്തുവരണമെന്ന് ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതലെന്തെങ്കിലും പറയുന്നത് ഉചിതമാകില്ലെന്നും ഫെഫ്ക അറിയിച്ചു.
അമ്മ എക്സിക്യൂട്ടീവ് രാജി സംഘടനനയെ നവീകരിക്കുന്നതിന്റെ തുടക്കമാകട്ടെയെന്ന് ഫെഫ്ക പറഞ്ഞു. സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിജീവിതകള്‍ക്ക് പരാതിപ്പെടാനും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഫെഫ്ക അറിയിച്ചു.
അതിജീവിതമാരെ പരാതി നല്കുന്നതിലേക്കും നിയമപരമായ നടപടികളിലേക്കും സന്നദ്ധരാക്കാനും സാധ്യമായ എല്ലാ നിയമ സഹായങ്ങളും അവര്‍ക്ക് ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും സംഘടന അറിയിച്ചു. കൂടാതെ പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികള്‍ തുടങ്ങിവയ്ക്കാനുമുള്ള അതിജീവിതകളുടെ ഭയാശങ്കകളെ അകറ്റാന്‍ വിദഗ്ദ്ധമായ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാന മാര്‍ഗരേഖയാണ്. ഫെഫ്കയിലെ അംഗസംഘടനകളുടെ യോഗം സെപ്തംബര്‍ 2,3,4 തീയതികളില്‍ ചേരും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായാണ് യോഗം ചേരുന്നത്. അപക്വവും വൈകാരികവുമായ പ്രതികരണങ്ങളല്ല വേണ്ടതെന്നും റിപ്പോര്‍ട്ട് സമഗ്രമായി വിലയിരുത്തുന്നതിനാണ് യോഗമെന്നും ഫെഫ്ക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."