ഇന്ത്യയില്‍ ടെലഗ്രാം നിരോധിക്കും; പ്രചാരണം സത്യമോ, വാസ്തവമറിയാം
കഴിഞ്ഞ ശനിയാഴ്ച ടെലഗ്രാം സി.ഇ.ഒ പാവേല്‍ ദുരോവ് പാരീസില്‍ അറസ്റ്റിലായിരുന്നു. ടെലഗ്രാമില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു അറസ്റ്റ്. പിന്നാലെ ടെലഗ്രാം സി.ഇ.ഒക്കെതിരെ അന്വേഷണം നടത്താമെന്ന് ഫ്രഞ്ച് കോടതി ഉത്തരവിടുകയും ചെയ്തു.
ടെലഗ്രാമിലെ ഉള്ളടക്കങ്ങള്‍ മോഡറേറ്റ് ചെയ്യുന്ന നയങ്ങള്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് ദുരോവ് പിടിയിലായത്. ചൈല്‍ഡ് പോണോഗ്രഫി, ഭീകരവാദം ഉള്‍പ്പടെ ഒട്ടനവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ടെലഗ്രാമില്‍ നടക്കുന്നുണ്ടെന്നായിരുന്നു കണ്ടെത്തല്‍.
പിന്നീട്, ദുരോവിന് ജാമ്യം അനുവദിച്ചുവെങ്കിലും ഫ്രാന്‍സ് വിടുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി. ഇതോടെ വിവിധ രാജ്യങ്ങളില്‍ ടെലഗ്രാം നിരോധിക്കുമെന്ന വാര്‍ത്തകളും സജീവമായി. ഇന്ത്യയിലും ഈ നിരോധന വാര്‍ത്തക സമൂഹമാധ്യമങ്ങളില്‍ സജീവമായി.
എന്നാല്‍, നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ടെലഗ്രാമിന് നിരോധനമേര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ടെലഗ്രാമിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിനും ഐടി മന്ത്രാലയത്തിനും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിനാണ് അന്വേഷണ ചുമതല. ഇന്ത്യയില്‍ ടെലിഗ്രാമിനെതിരേ തീര്‍പ്പുകല്‍പ്പിക്കാത്ത പരാതികളുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് ഐ.ടി. മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് മണികണ്‍ട്രോള്‍ നിരോധനത്തിന് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരുന്നു. റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ നിരോധനം പരിഗണിക്കുവെന്നും മണികണ്‍ട്രോള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടെലഗ്രാം ഉടന്‍ നിരോധിക്കുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ സജീവമായത്.
അതേസമയം, ടെലഗ്രാം നിരോധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന രീതിയിലുള്ള പ്രചാരണവും സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നുണ്ട്. മോദിയുടേതെന്ന പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. അതേസമയം, ഇന്ത്യയിലെ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ക്ക് അനുസരിച്ച് ടെലഗ്രാം ഇന്ത്യയില്‍ നിരോധിക്കുന്ന കാര്യം അധികൃതര്‍ പരിശോധിച്ചേക്കുമെന്ന സൂചനയും റിപ്പോര്‍ട്ടുകള്‍ നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."