വിവാദമായി എസ്.പിയുടെ ഫോണ്‍ സംഭാഷണം; നിര്‍ണായക നീക്കവുമായി ആഭ്യന്തര വകുപ്പ്, വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടും
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിനെതിരായ എസ്.പിയുടെ ആരോപണത്തില്‍ വകുപ്പ് തല അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ്. എസ്.പി സുജിത്ത് ദാസിനെതിരെയും അന്വേഷണം ഉണ്ടാകും. അന്വേഷണം ആവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ കത്ത് നല്‍കിയേക്കും. പി.വി അന്‍വര്‍ എം.എല്‍.എയുമായുള്ള എസ.്പി സുജിത്ത് കുമാറിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എ.ഡി.ജി.പിക്കും സുജിത്തിനുമെതിരെ ഡി.ജി.പിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്.
അതേസമയം, വിവാദങ്ങള്‍ക്ക് പിന്നാലെ എ.ഡി.ജി.പിയെ കാണാന്‍ ശ്രമിച്ച എസ്.പി സുജിത്തിന് അനുമതി നല്‍കിയിട്ടില്ല. എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിന്റെ ഓഫീസില്‍ ഇന്നലെ സുജിത് ദാസ് എത്തിയെങ്കിലും അനുവാദം നല്‍കിയില്ല.
കഴിഞ്ഞ ദിവസമാണ് മലപ്പുറം മുന്‍ ജില്ലാ പൊലിസ് മേധാവി എസ് സുജിത് ദാസും പി.വി അന്‍വറും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായത്. സംസ്ഥാന ആഭ്യന്തര വകുപ്പില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും ചേര്‍ന്നാണെന്നാണ് എസ്.പിയുടെ വെളിപ്പെടുത്തല്‍. മലപ്പുറം എസ്.പി ക്യാംപ് ഓഫിസിലെ വിവാദമായ മരംമുറി കേസുമായി ബന്ധപ്പെട്ട് സഹായമഭ്യര്‍ഥിച്ചുള്ള എസ്.പിയുടെ ഫോണ്‍ സംഭാഷണത്തിലാണ് ആഭ്യന്തര വകുപ്പിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായിരിക്കുന്നത്.
എസ്.പി ക്യാംപ് ഓഫിസിലെ മരംമുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിതകാലം മുഴുവന്‍ അന്‍വര്‍ എം.എല്‍.എയോട് കടപ്പെട്ടിരിക്കുമെന്നും സുജിത് ദാസ് പറയുന്നുണ്ട്. ഡി.ജി.പി ആയാലും തന്റെ സേവനം പി.വി അന്‍വറിന് ലഭിക്കുമെന്ന വാഗ്ദാനവും ടെലിഫോണ്‍ സംഭാഷണത്തിലുണ്ട്.
സേനയില്‍ സര്‍വശക്തനായിരുന്ന പി. വിജയനെ നശിപ്പിച്ചത് എം.ആര്‍ അജിത് കുമാറാണ്. ആഭ്യന്തര വകുപ്പില്‍ നിലവില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എം.ആര്‍ അജിത് കുമാറാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ വലംകൈയാണ്. പി. ശശി പറയുന്നത് ചെയ്തുകൊടുക്കുന്നതിനാലാണ് അയാള്‍ക്കിത്ര ശക്തി. അജിത് കുമാറിന്റെ ഭാര്യാ സഹോദരന്മാരാണ് പണം കൈകാര്യം ചെയ്യുന്നത്. ബിസിനസുകാര്‍ എല്ലാം അയാളുടെ സുഹൃത്തുക്കളാണെന്നും സുജിത് ദാസ് ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
ഫോണ്‍ സംഭാഷണത്തില്‍ നിന്ന്:
സുജിത് ദാസ്: പൊളിറ്റിക്കല്‍ സെക്രട്ടറി ശശി സാറിന്റെ വലിയ അടുപ്പക്കാരനായതിനാല്‍ എ.ഡി.ജി.പി അജിത് കുമാറിനെ കുറിച്ചാലോചിക്കാന്‍ തന്നെ പേടിയാണ്. ഒരു ഉദാഹരണം പറയാം. ഞങ്ങള്‍ കേഡറില്‍ വരുമ്പോള്‍ കൂടെ പരീക്ഷ എഴുതിയവരെല്ലാ പി. വിജയന്‍ ഐ.പി.എസിന്റെ ആരാധകരായിരുന്നു. സാധാരണക്കാരനായ കല്ലുവെട്ടുകാരനായ മനുഷ്യന്‍ കഷ്ടപ്പെട്ട് പഠിച്ച് സര്‍വിസില്‍ വരുന്നു. സ്റ്റുഡന്‍സ് പൊലിസ് കേഡറ്റിലൂടെ പ്രശസ്തനാവുന്നു. അത്ര ഉയരത്തില്‍ നില്‍ക്കുന്ന മനുഷ്യനെ ഞങ്ങള്‍ക്കൊക്കെ പേടിയായിരുന്നു. അത്ര പ്രശസ്തനായ മനുഷ്യനെ സസ്പെന്‍ഡ് ചെയ്ത് നശിപ്പിച്ചുകളഞ്ഞു. അതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് എം.ആര്‍ അജിത് കുമാറാണ്. അദ്ദേഹം സര്‍ക്കാരിന് അത്രയും വേണ്ടപ്പെട്ട ആളായി നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യാ സഹോദരങ്ങളിലൂടെ ഒരന്വേഷണം നടത്തണം. കാര്യങ്ങള്‍ ബോധ്യമാകും.
പി.വി അന്‍വര്‍: എം.ആര്‍ അജിത് കുമാര്‍ സര്‍ക്കാരിന് വേണ്ടപ്പെട്ട ആളായിരുന്നെങ്കില്‍ മറുനാടന്‍ സാജന്‍ സ്‌കറിയയെ രക്ഷപ്പെടുത്താന്‍ അദ്ദേഹം ശ്രമം നടത്തിയത്. ആദ്യഘട്ടത്തില്‍ ജാമ്യംകിട്ടാതെ സാജന്‍ ഒളിവില്‍പ്പോയപ്പോള്‍ അജിത് കുമാറിനോട് അവനെ കുറിച്ചന്വേഷിക്കണമെന്നും വിവരം കിട്ടിയാല്‍ അറിയിക്കണമെന്നും പറഞ്ഞിരുന്നു. പൂനെയില്‍ പാതിരിയായ സഹോദരന്റെ അടുത്തുണ്ടെന്ന് കൃത്യമായ വിവരംകിട്ടിയിട്ട് അവിടെ പൊലിസ് എത്തിയപ്പോഴേക്കും സാജന്‍ മുങ്ങി. ഇതൊക്കെ കൃത്യമായ വിവരമാണ്. ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ അജിത് കുമാറിന് കൈമാറിയിരുന്നു. സീനിയര്‍ ഓഫിസറോടല്ലാതെ മറ്റൊരാളോടും വിവരം പറയരുതെന്ന് അപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. പക്ഷേ പൊലിസ് എത്തിയപ്പോള്‍ സാജന്‍ അവിടെ ഉണ്ടായിരുന്നില്ല. അതോടുകൂടി എനിക്ക് സംശയമായി. പിന്നീട് അന്വേഷിച്ചപ്പോള്‍ വിവരം നല്‍കുന്നതെന്ന് അജിത് കുമാര്‍ ആണെന്ന് മനസിലായി.
സുജിത് ദാസ്: പൊളിറ്റിക്കല്‍ സെക്രട്ടറിക്കും ഹോം ഡിപാര്‍ട്ട്‌മെന്റിനും അങ്ങനെയൊരു വിചാരമില്ലെന്നതാണ് പ്രശ്നം.
പി.വി അന്‍വര്‍: എനിക്കത് തോന്നുന്നില്ല. അവരത് മനസിലാക്കണ്ടെ. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും മന്ത്രിമാരെയും ഇതുപോലെ തെറിവിളിച്ചുകൊണ്ടിരിക്കുന്ന സാജനെ എം.ആര്‍ സഹായിക്കുക എന്നു പറഞ്ഞാല്‍ എന്താണ് അതിന്റെ അര്‍ഥം ?
സുജിത് ദാസ്: ശശി, പറയുന്ന എല്ലാകാര്യങ്ങളും അയാള്‍ അണുവിട വ്യത്യാസമില്ലാതെ ചെയ്തുകൊടുക്കുന്നുണ്ട്. അതാവാം കാരണം. ആതായിരിക്കും അവരുടെ ഇക്വേഷന്‍.
പി.വി അന്‍വര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി എ.ഡി.ജി.പിക്ക് ബന്ധമുണ്ട്. പല കേസിലും ഇയാള്‍ ബന്ധപ്പെടുന്നുണ്ട്.
സുജിത് ദാസ്: എന്തുകൊണ്ടാണ് മലപ്പുറം എസ്.പി ശശിധരനെ സ്ഥലം മാറ്റാത്തത്. നടന്‍ ബാബുരാജിനെതിരേ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പരാതി നല്‍കിയത് അന്ന് കൊച്ചിയിലായിരുന്ന ശശിധരന്റെ അടുത്താണ്. എന്നാല്‍, മൊഴിയെടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."