വള്ളിയൂര്‍ക്കാവ് മുളയുല്‍പ്പന്ന നിര്‍മാണകേന്ദ്രം വിപുലീകരിക്കുന്നു
കല്‍പ്പറ്റ: വള്ളിയൂര്‍ക്കാവിലെ ബാംബൂ കോര്‍പ്പറേഷന്റെ മുളയുല്‍പ്പന്ന നിര്‍മാണകേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ നടപടി. സംസ്ഥാന വ്യവസായ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി. ഈമാസം അഞ്ചിന് വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ വ്യവസായ-വാണിജ്യ-കായിക മന്ത്രി ഇ.പി ജയരാജന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഒ.ആര് കേളു എം.എല്‍.എ അധ്യക്ഷനാകും. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്, ഐ.സി ബാലകൃഷ്ണന്, പ്രമുഖ വാസ്തു ശില്പി ജി. ശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ബാംബു കോര്പ്പറേഷന് 2008ലാണ് വള്ളയൂര്ക്കാവില് ഫീഡര്‍ യൂണിറ്റ് ആരംഭിച്ചത്. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഇവിടെ പുതിയ മെഷിനറികള്‍ സ്ഥാപിച്ചു. നിര്‍മാണ വസ്തുവായ മുള സംസ്കരിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ബോയ്ലര്‍ യൂണിറ്റുള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങാണ് ഒരുക്കിയിട്ടുള്ളത്.
മുളകള്‍ പുഴുങ്ങിയെടുത്ത് ഫര്‍ണിച്ചറുകളും മറ്റും നിര്‍മിക്കുന്നതിനുള്ള സൗകര്യമുണ്ടാവും. പരിസ്ഥിതിലോല പ്രദേശമായ വയനാടിന്റെ ടൂറിസം രംഗത്ത് പ്രകൃതിക്ക് ഇണങ്ങും വിധമുള്ള നിര്‍മാണങ്ങള്‍ക്കും ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്മിച്ചുനല്കാന് കഴിയുന്ന തരത്തിലേക്ക് ഈ യൂണിറ്റിനെ മാറ്റാണ് കോര്പ്പറേഷന് ലക്ഷ്യമിടുന്നത്.
വീടുകള്‍, കോട്ടേജുകള്‍, ബാംബൂ ഹട്ടുകളടങ്ങുന്ന ഇക്കോ ഹബ്ബുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ യൂണിറ്റിനെ സജ്ജമാക്കും. ഇത്തരത്തില്‍ മുളയുല്‍പ്പന്ന നിര്‍മാണ വിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിനായി കോര്പ്പറേഷന് ബാംബൂ മിഷനുമായി ചേര്‍ന്ന് സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളില്‍ സംസ്കരിച്ച മുളയുടെ വില്‍പ്പന കേന്ദ്രം തുടങ്ങാനുള്ള പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്.
മരത്തിന് പകരം മുള നിര്‍മാണ വസ്തുവായി എല്ലാ വ്യവസായികനിര്മാണ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനുള്ള പദ്ധതികള്‍ക്കും കോര്പ്പറേഷന് പദ്ധതി ആവിഷ്കരിക്കുന്നുണ്ട്. മുളയുല്‍പ്പന്നങ്ങളുടെ വൈവിധ്യ വല്‍ക്കരണത്തിന്റെ ഭാഗമായി നല്ലളത്ത് പ്രവര്‍ത്തനം ആരംഭിച്ച തറയോട് നിര്‍മാണ ഫാക്ടറിയുടെ പ്രവര്‍ത്തനവും വിപുലീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."