കണിയാരം നിവാസികളെ പൊറുതിമുട്ടിച്ച് വാനരന്മാര്
മാനന്തവാടി: കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടി മാനന്തവാടി കണിയാരം നിവാസികള്‍. ഒറ്റക്കും കൂട്ടമായും എത്തുന്ന വാനരപ്പട പ്രദേശത്ത് വ്യാപക കൃഷി നാശമാണ് വരുത്തുന്നത്.
നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഈ പ്രദേശത്തിനോട് ചേര്‍ന്ന് വനമേഖല ഒന്നും തന്നെ ഇല്ലെങ്കിലും 60 ലധികം വരുന്ന വാനരപ്പട ദിവസങ്ങളായി ഇവിടെ തമ്പടിച്ചിരിക്കുകയാണ്. കൃഷി നശിപ്പിക്കുന്നതിന് പുറമേ വീടുകള്‍ക്ക് സമീപമെത്തി മറ്റു നാശനഷ്ടങ്ങളും ഉണ്ടാക്കുന്നുണ്ട്. ബാങ്കില്‍ നിന്നും വയ്പ എടുത്ത് കൃഷി ചെയ്ത പള്ളിക്കാടന്‍ റസാഖ്, മുത്താശ്ശേരി ബേബി എന്നിവരുടെ രണ്ട് മാസം മുന്‍പ് നട്ട മുന്നൂറോളം വാഴയാണ് വാനരപ്പട നശിപ്പിച്ചത്.
വാഴക്ക് പുറമേ കപ്പ, ചേമ്പ്, തേങ്ങ, അടക്ക, കാപ്പി തുടങ്ങിയവയും വാനരപ്പട നശിപ്പിക്കുന്നുണ്ട്. കൂടാതെ നെല്‍ക്കൃഷി ചെയ്യാന്‍ കഴിയാതെ ഏക്കര്‍ കണക്കിന് വയലുകളും തരിശായിട്ടിരിക്കുകയാണ്.
വാനരന്മാരുടെ ശല്യത്തില്‍ നിന്ന് കൃഷിയും പ്രദേശവാസികളെയും സംരക്ഷിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാനരന്മാരെ കൂടുവച്ചു പിടികൂടി ഉള്‍വനത്തില്‍ വിടണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."