കോഴിക്കോട്ടെ പള്ളികൾ പങ്കുവയ്ക്കുന്നു, പടിയിറക്കപ്പെട്ട നബിദിനാഘോഷങ്ങളുടെ ഓർമകൾ
കോഴിക്കോട്: നഗരത്തിൽ സുന്നികളിൽ നിന്ന് മുജാഹിദുകൾ പിടിച്ചടക്കിയ പ്രധാന പള്ളികളും ഒരുകാലത്ത് റബീഉൽ അവ്വലിൽ പ്രവാചക പ്രകീർത്തനവും മൗലിദ് സദസുകളുമായി ഭക്തിസാന്ദ്രമായിരുന്നു. സുന്നികളിൽനിന്ന് പിടിച്ചെടുത്ത പള്ളികളിൽനിന്ന് ഇത്തരം 'അനാചാരങ്ങൾ' നിർത്തലാക്കിയെന്ന് മുജാഹിദ് വിഭാഗം സമ്മേളനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവനീറുകളിൽ വ്യക്തമാക്കുന്നുണ്ട്.
കോഴിക്കോട് നഗരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന പാളയം മുഹ്‌യിദ്ദീൻ പള്ളി, മാനാഞ്ചിറ പട്ടാളപ്പള്ളി, വലിയങ്ങാടി ഖലീഫ മസ്ജിദ്, ശാദുലി പള്ളി തുടങ്ങിയ പള്ളികളിലാണ് സ്ഥാപിച്ചവരുടെ ആശയങ്ങളും താൽപര്യങ്ങളും അട്ടിമറിക്കപ്പെട്ട് മുജാഹിദ് വിഭാഗം കയ്യടക്കിയത്. ഒരുകാലത്ത് വിപുലമായ നബിദിനാഘോഷങ്ങൾ ഇവിടെ നടന്നിരുന്നു.
1967 ജൂലൈ രണ്ടിനു വൈകിട്ട് എഴിന് പാളയം മുഹ് യദ്ദീൻ പള്ളി മഹല്ല് കമ്മിറ്റി കോഴിക്കോട് ടൗൺഹാളിൽ നബിദിന യോഗം നടത്തിയിരുന്നു. മുസ്ലിം ലീഗ് അധ്യക്ഷൻ അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ ഫസൽ പൂക്കോയ തങ്ങളാണ് യോഗം ഉദ്ഘാടനം നിർവഹിച്ചത്. അന്ന് വൈകിട്ട് നബിദിനാഘോഷ പരിപാടികളും നടന്നു.
വിവിധ നഗരങ്ങളിലെ പള്ളികൾ തിരുനബിയുടെ ജന്മദിനത്തോടനുബന്ധിച്ച് അലങ്കരിക്കുകയും മൗലിദ് സദസും ഭക്ഷണവിതരണവും നടത്തുമ്പോഴും നഗരത്തിലെ പ്രധാന പള്ളികളിൽ പ്രവാചക പ്രകീർത്തനത്തിന്റെ മാറ്റൊലി കേൾക്കാനില്ല. അലങ്കാരങ്ങളോ മൗലിദ് സദസുകളോ ഇല്ല. ഒരുകാലത്തെ വിശ്വാസികളുടെ മനസിൽ വിസ്മരിക്കാനാകാത്ത നബിദിന ഓർമകളുണ്ടിവിടെ.
ആ കാലത്ത് പാളയം മുഹ് യിദ്ദീൻ പള്ളിയിൽ റാത്തീബ് ഖാന ഉണ്ടായിരുന്നു. അവിടെ മൗലിദ്, റാത്തീബ്, മാലപ്പാട്ട്, ദിക്‌റ് ഹൽഖ തുടങ്ങിയവ സജീവമായിരുന്നു. സുന്നികളിൽ നിന്ന് പള്ളികൾ പിടിച്ചെടുത്ത് ഇത്തരം 'ശിർക്ക്' ബിദ്അത്തുകളുടെ കോലങ്ങൾ അവസാനിപ്പിച്ചെന്നാണ് മുജാഹിദുകൾ 2012 ഡിസംബർ 27 മുതൽ 30 വരെ കോഴിക്കോട്ട് നടത്തിയ മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിൽ പറയുന്നത്.
1960 ന്റെ തുടക്കത്തിലാണ് മുഹ്‌യിദ്ദീൻ പള്ളി കൈക്കലാക്കാൻ മുജാഹിദുകൾ നീക്കം ശക്തിപ്പെടുത്തിയത്. പട്ടാളപ്പള്ളിയും സുന്നികളിൽ നിന്ന് തട്ടിയെടുത്തതിന്റെ തന്ത്രങ്ങൾ 1992 ൽ പാലക്കാട് നടന്ന മുജാഹിദ് സമ്മേളന സുവനീറിലും വിശദീകരിക്കുന്നുണ്ട്. കോഴിക്കോട് വലിയങ്ങാടിയിലെ ഖലീഫ പള്ളിയുടെ മുതവല്ലി സ്ഥാനം പണം കൊടുത്ത് കൈക്കലാക്കിയെന്നും മുജാഹിദുകൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പട്ടാളപ്പള്ളിയിൽ നബാത്തി ഖുതുബക്ക് പകരം മലയാളത്തിലുള്ള ഖുതുബ നടത്തുകയും ജുമുഅയ്ക്ക് ഒരു ബാങ്ക് മാത്രമാക്കുകയും നിസ്‌കാര ശേഷമുള്ള കൂട്ടുപ്രാർഥന അവസാനിപ്പിച്ചതിനും പിന്നിൽ അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിച്ച 60 മുജാഹിദ് ആശയക്കാരാണെന്നും കുഞ്ഞോയി വൈദ്യർ, പി.എസ് മാമു സാഹിബ് ഉൾക്കൊള്ളുന്ന പള്ളിക്കമ്മിറ്റിയുടെ നിർദേശം അന്നത്തെ ഖത്തീബ് മൊയ്തീൻ മൗലവിയെ കൊണ്ട് അംഗീകരിപ്പിച്ചെന്നും 1992 ൽ മുജാഹിദ് രേഖ വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."