വ്യാജ രേഖ ചമച്ച് വായ്പാത്തട്ടിപ്പ്: ബാങ്ക് ഭരണസമിതിക്കെതിരേ കേസ്
മൂവാറ്റുപുഴ: വ്യാജ രേഖ ചമച്ച് വായ്പാത്തട്ടിപ്പ് നടത്തിയതിന് പോത്താനിക്കാട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ഭരണ സമിതിക്കെതിരേ എഫ്.ഐ.ആര്‍.പ്രകാരം കേസന്വേഷണത്തിന് മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
ബാങ്കിനെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡിവൈ.എസ്.പി എം.എന്‍.രമേശ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജഡ്ജി പി.മാധവന്‍ കേസന്വേഷണത്തിന് ഉത്തരവിട്ടത്.
ബാങ്ക് പ്രസിഡന്റ് എം.എം.മത്തായി, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ബോബന്‍ ജേക്കബ്, സി.ജെ.അബ്രഹാം, ഹുസൈന്‍ കോട്ടയില്‍, കെ.എം.ഇബ്രാഹിം, അലക്‌സി സ്‌കറിയ, ലീന ബിജു, രജനി ഗോപി, അനില്‍ അബ്രഹാം, ജയ്‌സണ്‍.സി.ചെറിയാന്‍, ജയിംസ് ജോസഫ്, മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.പി.രാജു, വായ്പക്കാരായ സുബൈര്‍, ഷംന സുബൈര്‍, മുഹമ്മദ് ബാവുപിള്ള, സൈനബ എന്നിവര്‍ക്കെതിരേയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.
എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ അടിവാട് ശാഖയില്‍ 14-സെന്റ് സ്ഥലം പണയപ്പെടുത്തി 15-ലക്ഷം രൂപ ഇവര്‍ വായ്പയെടുത്തിരുന്നു. ഇതില്‍ അഞ്ച് സെന്റ് സ്ഥലം വില്‍പ്പന നടത്തിയശേഷം ഒന്‍പത് സെന്റ് സ്ഥലത്തിന്റെ ഈട് പ്രകാരം ഫാര്‍മേഴ്‌സ് ബാങ്കില്‍ നിന്നും 32-ലക്ഷം രൂപയും വായ്പയെടുത്തു. വസ്തുവിന്റെ അസല്‍ പ്രമാണങ്ങള്‍ ജില്ലാ സഹകരണ ബാങ്കില്‍ നല്‍കിയിരിക്കെ ഫാര്‍മേഴ് ബാങ്കില്‍ ഒരു രേഖയും പരിശോധനയുമില്ലാതെ ലോണ്‍ സംഘടിപ്പിച്ചുവെന്ന് കാണിച്ച് ബാങ്ക് അംഗം എ.കെ.ബിജു നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്.
അന്വേഷണത്തില്‍ വസ്തുവിന്റെ ബാധ്യതകള്‍ നിലനില്‍ക്കെയാണ് വായ്പ നല്‍കിയതെന്ന് തെളിഞ്ഞിരുന്നു. വായ്പ തട്ടിപ്പ് സംമ്പന്ധിച്ച് പരാതിക്കാരന്‍ അന്വേഷണം നടത്തിയതറിഞ്ഞ് വായ്പയെടുത്തവര്‍ തുക തിരിച്ചടച്ചു. ഇത്തരം ഇടപാടിന് കൂട്ടുനിന്ന ഭരണ സമിതിക്കെതിരേയാണ് കേസെടുക്കാന്‍ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."