ധാരാവിയില്‍ പള്ളിയുടെ ഒരുഭാഗം തകര്‍ക്കാന്‍ നീക്കം; സംഘര്‍ഷം
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി കരുതുന്ന ധാരാവിയില്‍ സ്ഥിതിചെയ്യുന്ന പള്ളിയുടെ ഒരുഭാഗം മുംബൈ കോര്‍പറേഷന്‍ (ബി.എം.സി) തകര്‍ക്കാന്‍ ശ്രമിച്ചതിനെച്ചൊല്ലി പ്രദേശത്ത് സംഘര്‍ഷാവസ്ഥ. ധാരാവിയിലെ 90 ഫീറ്റ് റോഡിലെ മഹ്ബൂബെ സുബ്ഹാനി പള്ളിയുടെ ഭാഗമാണ് തകര്‍ക്കാന്‍ നീക്കം നടത്തിയത്. എന്നാല്‍ പ്രദേശവാസികള്‍ പള്ളി തകര്‍ക്കാനുള്ള നീക്കം ചെറുക്കുകയായിരുന്നു. പള്ളിയുടെ ഒരുഭാഗം നിയമവിരുദ്ധമായി നിര്‍മിച്ചതാണെന്ന് ആരോപിച്ച് കോര്‍പറേഷന്‍ പള്ളി കമ്മിറ്റിക്ക് നോട്ടിസ് നല്‍കിയിരുന്നു.
കൈയേറ്റത്തിന്റെ പരിധിയില്‍വരുന്നതിനാല്‍ പൊളിച്ചുനീക്കാനായി കോര്‍പറേഷന്‍ പള്ളിയുടെ ഒരുഭാഗത്ത് അടയാളമിട്ടുപോയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാവിലെ വന്‍ പൊലിസ് സന്നാഹത്തോടെ കോര്‍പറേഷന്‍ അധികൃതര്‍ പള്ളി തകര്‍ക്കാനെത്തിയത്. ബുള്‍ഡോസറുമായാണ് സംഘം പള്ളി പൊളിക്കാനെത്തിയത്.
ഇതോടെ പള്ളിയിലേക്കുള്ള 90 ഫീറ്റ് റോഡില്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി ഉദ്യോഗസ്ഥരെയും പൊലിസിനെയും തടയുകയായിരുന്നു. കൂടാതെ ധാരാവി പൊലിസ് സ്റ്റേഷനു മുമ്പിലും നൂറുകണക്കിന് പേര്‍ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. ഇതോടെ പള്ളി കമ്മിറ്റിയുമായി ചര്‍ച്ചനടത്തിയ പൊലിസ്, നാലഞ്ചുദിവസത്തിനുള്ളില്‍ കൈയേറ്റ ഭൂമിയിലെന്ന് കോര്‍പറേഷന്‍ ആരോപിക്കുന്ന ഭാഗം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടു.
പള്ളി കമ്മിറ്റി തങ്ങളുടെ നിര്‍ദേശം അംഗീകരിച്ചതായും അത് നടപ്പാക്കാനായി അവര്‍ക്ക് സമയം അനുവദിച്ചതായും കോര്‍പറേഷന്‍ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ ഭാഗത്ത് അധിക പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.
ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിം സ്ഥാപനങ്ങളെ ലക്ഷ്യംവച്ചുള്ള ബുള്‍ഡോസര്‍ ഡ്രൈവുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ധാരാവി മസ്ജിദിന്റെ ഒരുഭാഗവും അധികൃതര്‍ പൊളിക്കാനെത്തിയത്.
സംഭവത്തില്‍ കോണ്‍ഗ്രസ് എം.പി വര്‍ഷ ഗെയ്ക് വാദ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ ലംഘനമാണ് പള്ളിക്ക് നേരെ ബുള്‍ഡോസറുമായെത്തിയ കോര്‍പറേഷന്‍ അധികൃതരുടെ നടപടിയെന്ന് കോണ്‍ഗ്രസ് എം.പി ട്വീറ്റ്ചെയ്തു.
Tensions escalated in Dharavi as local residents resisted attempts by Mumbai Corporation to demolish part of the Mahbube Subhani Mosque, citing illegal construction.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."