യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകൾ; അർഹർക്ക് സൗജന്യ വിമാന ടിക്കറ്റുകൾ- കോൺസുൽ
ദുബൈ: യു.എ.ഇ സർക്കാർ നടപ്പാക്കി വരുന്ന പൊതുമാപ്പ് സംരംഭം പ്രയോജനപ്പെടുത്താനായി 4,000ത്തിലധികം അപേക്ഷകൾ ലഭിച്ചുവെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ കോൺസുലേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 900 എമർജൻസി സർട്ടിഫിക്കറ്റുകളും, ഹ്രസ്വ കാലാവധിയുള്ള 600ലധികം പാസ്‌പോർട്ടുകളും, 550 എക്സിറ്റ് പെർമിറ്റുകളും ഇഷ്യൂ ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്ന ഇന്ത്യൻ സംഘടനകൾ മുഖേന സമീപിക്കുന്ന അർഹരായവർക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫണ്ട്(ഐ.സി.ബി.എഫ്)ൽ നിന്നും സൗജന്യ വിമാന ടിക്കറ്റുകൾ നൽകുമെന്ന് കോൺസുൽ ജനറൽ പറഞ്ഞു. കോൺസുലേറ്റ് ജനറൽ ആസ്ഥാനത്തെ പൊതുമാപ്പ് സംരംഭം ഉപയോഗിച്ച് നാട്ടിൽ പോകുന്നവർക്ക് എയർ ഇന്ത്യ 25 ശതമാനം നിരക്കിളവ് അനുവദിക്കുന്നതാണ്.
ഇൻഡിഗോ എയർലൈൻസും ഒരോ സെക്ടറിനനുസരിച്ച് ഇളവുകൾ നൽകും. സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെ നടക്കുന്ന പൊതുമാപ്പ് ആവശ്യമുള്ളവർ ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇതൊരു സുവർണാവസരമാണ്. ഇനിയൊരവസരം ഉണ്ടാകുമെന്നു കരുതി ആരും കാത്തിരിക്കരുത്. ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ കോൺസുലേറ്റിൽ തങ്ങൾ സദാ സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകളുടെ വളണ്ടിയർമാർ ഇവിടെ സേവന നിരതരാണ്.
പൊതുമാപ്പ് സംരംഭം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോൾ 4,000ത്തിലധികം അപേക്ഷകരാണ് എത്തിയതെങ്കിൽ, അടുത്ത മാസത്തോടെ ഇതിന്റെ മൂന്നിരട്ടി ആളുകളാണുണ്ടാവുക. പൊതുമാപ്പ് ഉപയോഗപ്പെടുത്തി തങ്ങളുടെ താമസം നിയമ വിധേയമാക്കുന്നവർക്ക് ജോലി നൽകാൻ വിവിധ കമ്പനികളുടെ കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. മെക്കാനിക്കുകൾ, ഇലക്ട്രീഷ്യന്മാർ, പ്ലംബർമാർ, എച്ച്.പി.എ.സി ടെക്നീഷ്യന്മാർ തുടങ്ങിയ സ്‌കിൽഡ് ആയവർക്കും അല്ലാത്തവർക്കുമായി 3,000ത്തോളം ജോലി വേക്കൻസികൾ ഇപ്പോഴുണ്ട്.
ഫെസിലിറ്റേഷൻ കൗണ്ടർ, അപേക്ഷാ കൗണ്ടർ, ഫയലിങ് സെന്റർ എന്നിവയടക്കം നാല് വിഭാഗങ്ങളാണ് കോൺസുലേറ്റിലെ പൊതുമാപ്പ് സേവന ഹാളിലുള്ളതെന്ന് കോൺസുൽ ജനറൽ പറഞ്ഞു. ഫെസിലിറ്റേഷൻ കൗണ്ടറിൽ വിശദാംശങ്ങൾ നൽകാം. തുടർന്ന്, എമർജൻസി സർട്ടിഫിക്കറ്റിനോ, ഹ്രസ്വ കാലപരിധിയുള്ള പാസ്സ്പോർട്ടിനോ ഏതാണ് എന്ന് പരിശോധിച്ച് ബന്ധപ്പെട്ട വിഭാഗത്തിലേക്ക് അപേക്ഷകരെ നയിക്കും. പിന്നീട്, അപേക്ഷാ കൗണ്ടറാണ്. അവിടെ ടൈപ്പിംഗ് സേവനങ്ങൾ തികച്ചും സൗജന്യമാണ്. കോൺസുലേറ്റ് മാർഗനിർദേശത്തിൽ വിവിധ സംഘടനാ വളണ്ടിയർമാർ സേവനം ചെയ്യുന്നു.
മർജൻസി സർട്ടിഫിക്കറ്റിനും, ഹ്രസ്വ കാലപരിധിയുള്ള പാസ്പോർട്ടിനും അപേക്ഷ പൂരിപ്പിച്ചു നൽകും. ആമർ സെന്ററുകളിൽ നൽകുന്ന സേവനങ്ങളാണ് ശേഷമുള്ളത്. ലേബർ ക്യാൻസലേഷൻ ഇവിടെ നിന്നും ചെയ്യുന്നു. അബ്സ്കോണ്ടർമാർക്കുള്ള ടെക്നിക്കൽ ടിക്കറ്റ് എമിഗ്രേഷനുമായി ബന്ധപ്പെട്ടാണ് നിർവഹിക്കുക. വിസിറ്റ് വിസയിലുള്ള ഓവർ സ്റ്റേക്കാർ ബയോമെട്രിക്സ് രേഖകൾ സമർപ്പിക്കണം. പല യു.ഐ.ഡികളുള്ളവരുടെ ഒന്നാക്കി മെർജ് ചെയ്യേണ്ടതുണ്ട്. ഇത്തരം അനേക സേവനങ്ങൾ കോൺസുലേറ്റിലേ വൺസ്‌റ്റോപ് സ്റ്റേഷനിൽ നിന്നും സർവിസ് ചാർജില്ലാതെ ചെയ്യാമെന്നും അദ്ദേഹം വിശദീകരിച്ചു.
ക്രിമിനൽ കേസുള്ളവർക്കും, ലോൺ അടക്കമുള്ള സാമ്പത്തിക ബാധ്യതയുള്ളവർക്കുമൊഴികെ പൊതുമാപ്പ് ലഭിക്കും. ആയതിനാൽ,ഇന്ത്യൻ കോൺസുലേറ്റിലും അൽ അവീറിലുമുള്ള വിസാ പൊതുമാപ്പ് സംരംഭത്തിൻ്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യൻ പൗരന്മാരോട് അദ്ദേഹം ആവർത്തിച്ചഭ്യർഥിച്ചു. താമസം നിയമ വിധേയമാക്കുന്നതിനും, പിഴകൾ ഇല്ലാതെ നാട്ടിൽ പോകുന്നതിനും ഇതുപോലൊരു മികച്ച അവസരം ഇല്ലെന്നും കോൺസുൽ ജനറൽ ഉണർത്തി.
നടപടിക്രമങ്ങൾ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങൾക്ക് അപേക്ഷകർക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും, ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെയും കോൺസുലേറ്റിലെത്താം. അടിയന്തര സേവനം വേണ്ടവർക്ക് ഞായറാഴ്ചയും തങ്ങളെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം (പി.ബി.എസ്.കെ) ഹെൽപ്പ്ലൈനുമായി 800-46342 എന്ന നമ്പറിൽ എല്ലാ ദിവസവും 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. ഇന്ത്യൻ ഡെപ്യൂട്ടി കോൺസുൽ ജനറൽ യതിൻ പട്ടേലും വാർത്താ സമ്മേളനത്തിൽ സന്നിഹിതനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."