ഗസ്സ ആക്രമണം തുടരുന്നതില്‍ ഇസ്‌റാഈല്‍ സൈന്യത്തില്‍ മുറുമുറുപ്പ്
ജറൂസലേം: ഗസ്സയിലെ ആക്രമണം തുടരുന്നതില്‍ ഇസ്‌റാഈല്‍ സൈന്യത്തില്‍ മുറുമുറുപ്പ്. ഈ വിഷയത്തില്‍ ഒക്ടോബര്‍ ഏഴിന് മുന്‍പുള്ള തല്‍സ്ഥിതി തുടരുന്നതാണ് ഉചിതമെന്നും ഇക്കാര്യം രാഷ്ട്രീയക്കാരോട് ആവശ്യപ്പെടുന്നതായും ബ്രിഗേഡിയര്‍ ജനറല്‍ ഡാന്‍ ഗോള്‍ഡ്ഫസ് പറഞ്ഞു. എല്ലാ വശങ്ങളില്‍ നിന്നും പരിശോധിച്ചാല്‍ ആക്രമണവുമായി മുന്നോട്ടുപോകുന്നത് ദോഷം ചെയ്യും. രാഷ്ട്രീയക്കാര്‍ ഇടപെട്ട് ആക്രമണം തടയണം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇസ്‌റാഈല്‍ ജനത ഇതൊന്നും മനസ്സിലാക്കാതെ ധ്രുവീകരണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലപ്പെടുന്ന സൈനികരെ കുറിച്ച് രാഷ്ട്രീയക്കാര്‍ ആലോചിക്കണമെന്ന് അദ്ദേഹം ഈ മാസം 13ന് നടത്തിയ ബ്രീഫിങ്ങില്‍ പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവന നടത്തിയതിന് ഇസ്‌റാഈല്‍ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്. ജനറല്‍ ഹെര്‍സി ഹലേവി ഗോള്‍ഡ്ഫസിനെ ശാസിച്ചിരുന്നു. മറ്റു സൈനികരും ഇസ്‌റാഈല്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്. വിലകുറഞ്ഞ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് അഞ്ചുമാസം ഇസ്‌റാഈല്‍ സൈന്യത്തില്‍ റിസര്‍വ് ജോലി ചെയ്ത ബരാക് റെയ്ഷര്‍ (42) പറഞ്ഞു. ഇസ്‌റാഈല്‍ സൈനിക താവളങ്ങളിലെ 13 റിസര്‍വ് സൈനികരില്‍ നിന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി വിവരം ശേഖരിച്ചിരുന്നു.
അതേസമയം, ഭരണകക്ഷിയില്‍ നിന്നും സര്‍ക്കാരിനെതിരേ വിമര്‍ശനമുണ്ട്. നെതന്യാഹു സര്‍ക്കാര്‍ പ്രധാന വിഷയത്തില്‍ നിന്ന് വ്യതിചലിച്ചാണ് ഇപ്പോള്‍ ആക്രമണത്തിനു പിന്നാലെ പോകുന്നതെന്ന് അവര്‍ പറയുന്നു. ഇസ്‌റാഈലില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഗസ്സ ആക്രമണത്തെ കുറിച്ചുള്ള സര്‍ക്കാര്‍ നയത്തെ കുറിച്ച് ആരാഞ്ഞെങ്കിലും എന്തെങ്കിലും പ്രതികരിക്കാന്‍ ഇസ്‌റാഈല്‍ സൈന്യം തയാറായില്ല. പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസും പ്രതികരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."