മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലിസ് മെഡലുകളില്‍ ഗുരുതരമായ അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചുവാങ്ങാന്‍ നിര്‍ദേശം. മെഡല്‍ സ്വീകരിച്ച പൊലിസുകാരാണ് അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയത്.
മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിന് പകരം 'മുഖ്യമന്ത്രയുടെ' എന്നാണ് അടയാളപ്പെടുത്തിയത്. പൊലിസ് മെഡല്‍ എന്നത് തെറ്റായി 'പോലസ് മെഡന്‍' എന്നും അടയാളപ്പെടുത്തിയിട്ടുണ്ട്. മെഡല്‍ ജേതാക്കളായ പൊലിസുകാര്‍ വിവരം ഉടന്‍ മേലധികാരികളോട് റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ ഡിജിപി വിഷയത്തില്‍ ഇടപെട്ട് എത്രയും പെട്ടെന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം നല്‍കി. കൂടാതെ, അക്ഷരത്തെറ്റുകള്‍ തിരുത്തി പുതിയ മെഡലുകള്‍ നല്‍കാന്‍ മെഡലുകള്‍ നിര്‍മിക്കാന്‍ കരാറെടുത്ത സ്ഥാപനത്തോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 264 ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്. ഇതില്‍ പകുതിയോളം മെഡലുകളിലും അക്ഷരത്തെറ്റുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."