സ്‌കൂള്‍ പാചക തൊഴിലാളികളുടെ കുറഞ്ഞ വേതനം 350 രൂപയാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്കു കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം 350 രൂപയാക്കി നിശ്ചയിച്ച് ഉത്തരവായി. ഈ മേഖലയില്‍ അഞ്ചു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് സേവനം പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും വേതനത്തിന്റെ ഒരു ശതമാനം നിരക്കില്‍ പരമാവധി 15 ശതമാനം വരെ വെയിറ്റേജ് അനുവദിക്കണം.
കുറഞ്ഞ ശമ്പളം ലഭിക്കുന്നതിന് 250 വരെ കുട്ടികള്‍ക്ക് ഒരു തൊഴിലാളി എന്ന ക്രമമാണ് സ്വീകരിക്കുന്നത്. ഇതില്‍ കൂടുതല്‍ എണ്ണം കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്യേണ്ടിവരുമ്പോള്‍, കൂടുതലായി വരുന്ന ഓരോ കുട്ടിക്കും പ്രതിദിനം ഒരു രൂപ നിരക്കില്‍ പ്രത്യേക അലവന്‍സ് അനുവദിക്കണം.
അലവന്‍സ് 300 വരെ കുട്ടികള്‍ക്ക് പരമാവധി 50 രൂപയും 500നു മുകളില്‍ കുട്ടികളാണെങ്കില്‍ പരമാവധി 100 രൂപയും, 800 ല്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ പരമാവധി 150 രൂപയും ആയിരിക്കും. ഉച്ചഭക്ഷണത്തിനു മുമ്പോ അതിനുശേഷമോ ഒരു നേരം ലഘുഭക്ഷണം പാചകം ചെയ്താല്‍ ദിവസവേതനത്തിന്റെ പത്ത് ശതമാനവും രണ്ട് നേരമാണെങ്കില്‍ 20 ശതമാനവും അധികവേതനം നല്‍കണം.
ഇതിനുപുറമേ ഉപഭോക്തൃവില സൂചികയുടെ അടിസ്ഥാനത്തില്‍ ക്ഷാമബത്തയും നല്‍കണം. ഹാജരാകുന്ന പ്രവൃത്തിദിവസങ്ങളില്‍ അടിസ്ഥാന വേതനം ഉറപ്പാക്കണം. എന്നാല്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ദിവസങ്ങളില്‍ മാത്രമേ പ്രത്യേക അലവന്‍സിനും അധിക വേതനത്തിനും അര്‍ഹതയുളളു എന്നും തൊഴില്‍ നൈപുണ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."