കടമ്പാട്ടുകോണത്ത് കണ്ടെയ്നര്‍ ലോറിയും ട്രെയിലറും കൂട്ടിയിടിച്ചു; ഡ്രൈവറുടെ കാലറ്റു
കല്ലമ്പലം: ദേശീയപാതയില്‍ കല്ലമ്പലം കടമ്പാട്ടുകോണത്ത് കണ്ടെയ്നര്‍ ലോറിയും ട്രെയിലറും കൂട്ടിയിടിച്ച് ലോറി ഡ്രൈവറുടെ കാലറ്റു.
അച്ഛനും മകനുമുള്‍പ്പെടെ മൂന്നുപേരെ സാരമായ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ കടമ്പാട്ടുകോണം എതുക്കാട്ട് മുക്കിലായിരുന്നു അപകടം.
കണ്ടെയ്നര്‍ ലോറി ഡ്രൈവറായ കാവനാട് സ്വദേശി ഗണേശിന്റെ വലതുകാലാണ് അറ്റുപോയത്. ഇടിച്ച വാഹനങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയ കാല് രണ്ട് മണിക്കൂറിനുശേഷമാണ് കണ്ടെത്താനായത്. കണ്ടെയ്നര്‍ ലോറിയിലെ യാത്രക്കാരായിരുന്ന കുണ്ടറ പേരയം പടപ്പക്കര മയിലാടുംപൊയ്കയില് ബെന്നിച്ചന് (62) മകന് അനില്ബെന് (35) എന്നിവരെയും ഫയര്‍ഫോഴ്സെത്തി വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് പോകാനായി കണ്ടെയ്നറില്‍ കയറിയതാണ് ബെന്നച്ചനും മകനും. ആന്ധ്ര രജിസ്ട്രേഷനുള്ള ട്രെയിലറിന്റെ ഡ്രൈവറായ പശ്ചിമബംഗാള്‍ സ്വദേശിയെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് മത്സ്യവുമായി കൊല്ലത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറി എതിര്‍ദിശയില്‍ നിന്നുവന്ന ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ പരസ്പരം കൊരുത്തുപോയ വാഹനങ്ങള്‍ ആറ്റിങ്ങല്‍ ഫയര്സ്റ്റേഷന് ഓഫീസര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ വെട്ടിപ്പൊളിച്ച് ജെ.സിബി സഹായത്തോടെ വലിച്ചുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ട്രെയിലര്‍ ഏതോ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുകയോ ഡ്രൈവര്‍ ഉറങ്ങിപ്പോകുകയോ ചെയ്തതാകാം അപകടത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."