തൃണമൂല്‍ കോണ്‍ഗ്രസിനു ദേശീയ പാര്‍ട്ടി പദവി ലഭിക്കും
ന്യൂഡല്‍ഹി: സി.പി.എമ്മിന് ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടമാവുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പശ്ചിമബംഗാളിലെ അവരുടെ രാഷ്ട്രീയ എതിരാളികളായ തൃണമൂല്‍ കോണ്‍ഗ്രസിന് ഈ പദവി ലഭിച്ചേക്കും. ദേശീയ പാര്‍ട്ടിയെന്ന പദവി ലഭിക്കാനുള്ള മൂന്നിലൊരു വ്യവസ്ഥ തൃണമൂല്‍ കോണ്‍ഗ്രസ് സാധ്യമാക്കിയതോടെയാണ് അവരെ രാജ്യത്തെ ഏഴാമത്തെ ദേശീയ പാര്‍ട്ടിയായി പരിഗണിക്കാന്‍ പോവുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ദേശീയ പാര്‍ട്ടി പദവി ലഭിക്കാന്‍ മൂന്നു മാനദണ്ഡങ്ങളാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലു സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ടോ അല്ലെങ്കില്‍ മൂന്നു സംസ്ഥാനങ്ങളില്‍നിന്ന് ലോക്‌സഭയിലേക്ക് രണ്ടു ശതമാനം സീറ്റുകളോ (11 എണ്ണം) അതുമല്ലെങ്കില്‍ ഏതെങ്കിലും നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന പദവിയോ ആണു വേണ്ടത്. എന്നാല്‍, അവസാനത്തെ വ്യവസ്ഥയായ നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരം തൃണമൂലിനുണ്ട്. നിലവില്‍ ഭരണത്തിലുള്ള പശ്ചിമംഗാളിനു പുറമെ ത്രിപുര, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് പാര്‍ട്ടിക്കു സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്. ദേശീയ പാര്‍ട്ടി ക്ലബിലേക്ക് ഈ മാസം തന്നെ തൃണമൂലും ചേരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ പാര്‍ട്ടി പദവി ലഭിച്ചാല്‍ തൃണമൂലിന് കമ്മിഷന്‍ അനുവദിച്ച പൂവും ചെടിയും ചിഹ്നത്തില്‍ രാജ്യത്ത് എവിടെയും മത്സരിക്കാം. നിലവില്‍ കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം, ബി.എസ്.പി, എന്‍.സി.പി, സി.പി.ഐ എന്നീ കക്ഷികളാണ് ദേശീയ പാര്‍ട്ടികള്‍.
ദേശീയ പാര്‍ട്ടിയെന്ന പദവി സംബന്ധിച്ച വ്യവസ്ഥകള്‍ ഓരോ പത്തു വര്‍ഷവും കഴിയുമ്പോഴാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ പരിശോധിക്കാറുള്ളത്. ദേശീയ പാര്‍ട്ടി പദവിക്കുള്ള വ്യവസ്ഥകള്‍ നിലവില്‍ സി.പി.എമ്മിനും സി.പി.ഐക്കും പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. പരിശോധനകള്‍ നടക്കുകയാണെങ്കില്‍ ഇരുപാര്‍ട്ടികളുടെയും പദവി നഷ്ടമാവും. മെയ് മാസത്തില്‍ കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടില്‍ സി.പി.എമ്മിന് ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല. കേരളത്തിനു പുറമെ ത്രിപുരയിലും ബംഗാളിലും മാത്രമാണ് സി.പി.എമ്മിന് സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."