നീലേശ്വരത്തെ ബോക്‌സൈറ്റ് ഖനനം സര്‍ക്കാരിനും മന്ത്രിക്കുമെതിരേ നിര്‍മാണക്കമ്പനി 'ആശാപുര'
കാസര്‍കോട്: നീലേശ്വരം കരിന്തളത്ത് ബോക്‌സൈറ്റ് ഖനനം നടത്താന്‍ ആശാപുര മൈന്‍ കെം ലിമിറ്റഡിനെ അനുവദിക്കാത്തതിനു പിന്നില്‍ വലിയ ഇടപെടലുണ്ടെന്ന് ആശാപുര ജനറല്‍ മാനേജര്‍ സന്തോഷ് മോനോന്‍.'സുപ്രഭാത'ത്തിനു അനുവദിച്ച അഭിമുഖത്തിലാണ് സര്‍ക്കാരിനും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനുമെതിരേ സന്തോഷ് മേനോന്‍ ആഞ്ഞടിച്ചത്. ഖനനപഠനം അനുവദിക്കാത്തതിനു പിന്നില്‍ ചിലരുടെ നിക്ഷിപ്ത താല്‍പ്പര്യമാണ്. ഇതുതന്നെയാണ് മന്ത്രിക്കെന്നും അദ്ദേഹം തുറന്നടിച്ചു.
കരാറിലേര്‍പ്പെട്ട ഭൂമി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരും അവരുടെ പിന്തുണയുള്ളവരും കൈയേറിയിട്ടുണ്ട്. പാരിസ്ഥിതിക പഠനം നടത്തിയാല്‍ കൈയേറ്റങ്ങളൊക്ക വെളിച്ചത്തു വരും. മന്ത്രി ചന്ദ്രശേഖരന്‍ പദ്ധതിയെ കുറിച്ച് അഭിപ്രായം പറയേണ്ട ആളല്ല. പറയേണ്ടത് വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2007 ലാണ് പദ്ധതിയുടെ പ്രാഥമിക നടപടികള്‍ക്ക് ജീവന്‍ വെക്കുന്നത്. പിന്നീട് കേന്ദ്ര, കേരള സര്‍ക്കാരും പാരിസ്ഥിതിഘാത പഠനത്തിന് അനുമതി നല്‍കി. എം.എല്‍.എ എം. കുമാരനും പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരും ഗുജറാത്ത് സന്ദര്‍ശിച്ച് പരിശോധന നടത്തിയാണ് പദ്ധതിക്ക് പച്ചക്കൊടി വീശിയത്. ഉദുമയിലോ നീലേശ്വരത്തോ തുറമുഖമടക്കമുള്ള വന്‍ വികസന പദ്ധതികള്‍ ബോക്‌സൈറ്റ് ഖനനം കൊണ്ട് സാധ്യമാവുമായിരുന്നു.
അതെല്ലാമാണ് ഇല്ലാതാകുന്നത്. 2013ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക പഠനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനെതിരേയാണ് മന്ത്രി രംഗത്തു വന്നിരിക്കുന്നത്. ഇതു സത്യപ്രതിജ്ഞാ ലംഘനമാണ്. 2007 ല്‍ സി.പി.ഐ നേതാക്കള്‍ അനുകൂലിച്ച പദ്ധതി ഇപ്പോഴെങ്ങിനെ മന്ത്രിക്കു മാത്രം എതിരാകുന്നത്. പാരിസ്ഥിതിക പഠനം അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരേയും നേരത്തെ ഈ നിലപാട് സ്വീകരിച്ച് സര്‍ക്കാരിന് കത്തു നല്‍കിയ കലക്ടര്‍മാര്‍ക്കെതിരേയും ഹരിത ട്രൈബ്യൂണലിനെ സമീപിക്കുമെന്നും സന്തോഷ് മേനോന്‍ വ്യക്തമാക്കി.
കരിന്തളത്ത് പഠനത്തിനു അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ആശാപുര കോടിക്കണക്കിനു രൂപ മുടക്കി കഴിഞ്ഞു. ഇങ്ങനെ ചെലവഴിച്ച തുക ആരു മടക്കി തരുമെന്നു ചോദിച്ച ഇദ്ദേഹം ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ 30 വര്‍ഷത്തേക്ക് ഈ ഭൂമിയില്‍ ഒരു പദ്ധതിയും വരില്ലെന്നും വ്യക്തമാക്കി. ആശാപുരയുമായി 30 വര്‍ഷത്തേക്ക് കരാറുണ്ടാക്കിയതാണ്. കരാര്‍ പാലിക്കുന്നതുവരെ നിയമയുദ്ധം തുടര്‍ന്നാല്‍ 30 വര്‍ഷം വരെ ഒരു പദ്ധതിയും ഇവിടെ വരില്ല. ഒമാനിലും മലേഷ്യയിലും നൈജീരിയയിലും കമ്പനി വിവിധ പദ്ധതികള്‍ നടത്തുന്നുണ്ട്. കമ്പനിയുടെ വിശ്വാസ്യത സംബന്ധിച്ച് ഒരു ആശങ്കയും വേണ്ടെന്നും സന്തോഷ് മേനോന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."