ഇങ്ങനെയൊരു സെഞ്ച്വറി ചരിത്രത്തിലാദ്യം; ഇംഗ്ലണ്ടിനെ അടിച്ചുപറത്തി നേടിയത് വമ്പൻ റെക്കോർഡ്
ബെല്ലറിവ് ഓവൽ: വനിത ഏകദിനത്തിൽ ചരിത്രം കുറിച്ച് ഓസ്‌ട്രേലിയൻ താരം ആഷ്ലീഗ് ഗാർഡ്നർ. ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയാണ് ആഷ്ലീഗ് ഗാർഡ്നർ പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ 102 പന്തിൽ 102 റൺസ് നേടിയാണ് ആഷ്ലീഗ് തിളങ്ങിയത്. എട്ട് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
മത്സരത്തിൽ ആറാം നമ്പറിൽ ഇറങ്ങിയതാണ് താരം സെഞ്ച്വറി നേടിയത്. ഇതോടെ വിമൺസ് ഏകദിനത്തിന്റെ ചരിത്രത്തിൽ ആറാം നമ്പറിൽ ഇറങ്ങി സെഞ്ച്വറി നേടുന്ന ആദ്യ താരമായി മാറാനും ആഷ്ലീഗിന് സാധിച്ചു. 2023ൽ ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ പാകിസ്താൻ താരം ഫാത്തിമ സന നേടിയ 90 റൺസ് ആയിരുന്നു ആറാം നമ്പറിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ.
മത്സരത്തിൽ ഓസ്‌ട്രേലിയക്കായി ബേത്ത് മൂണിയും താലിയ മഗ്രാത്തും അർദ്ധ സെഞ്ച്വറി നേടി. താലിയ 45 പന്തിൽ 55 റൺസും ബേത്ത് മൂണി 64 പന്തിൽ 50 റൺസുമാണ് സ്കോർ ചെയ്‍തത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 308 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 42.2 ഓവറിൽ 222 റൺസിന് പുറത്താവുകയായിരുന്നു.
ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ അലന കിംഗ് അഞ്ചു വിക്കറ്റും മെഗാൻ ഷട്ട് മൂന്ന് വിക്കറ്റും ജോർജിയ വെയർഹാം രണ്ട് വിക്കറ്റും നേടിയപ്പോൾ ഇംഗ്ലണ്ട് തകരുകയായിരുന്നു. ഇംഗ്ലണ്ടിനായി ടാംസിൻ ബ്യൂമോണ്ട് 77 പന്തിൽ 54 റൺസും നാറ്റ് സ്കൈവർ ബ്രണ്ട് 68 പന്തിൽ 61 റൺസും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."