'നിങ്ങളുടെ പ്രാര്‍ഥനകളും ആശിര്‍വാദങ്ങളും അദ്ദേഹത്തിനെത്തിക്കൂ' കെജ്‌രിവാളിന് സന്ദേശങ്ങള്‍ പങ്കുവെക്കാന്‍ വാട്‌സാപ് നമ്പര്‍ പുറത്തുവിട്ട് ഭാര്യ സുനിത
ഡല്‍ഹി: ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് പിന്തുണയും പ്രാര്‍ഥനയും പങ്കുവെക്കാന്‍ വാട്‌സാപ് നമ്പര്‍ പുറത്തുവിട്ട് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍. കെജ്‌രിവാള്‍ കോ ആശിര്‍വാദ് എന്ന കാമ്പയിന്‍ വഴി പൊതുജനങ്ങള്‍ക്ക് കെജ്‌രിവാളിന് പിന്തുണ അറിയിക്കാമെന്നും അവര്‍ അറിയിച്ചു. വാട്‌സാപ്പ് വഴിയാണ് കാമ്പയിനെന്നും സുനിത പറഞ്ഞു. 8297324624 എന്ന നമ്പറിലേക്ക് സന്ദേശങ്ങള്‍ അയക്കാമെന്ന് സുനിത കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ ഇന്നു മുതല്‍ ഒരു കാമ്പയിന്‍ ആരംഭിക്കുകയാണ്. 'കെജ്‌രിവാള്‍ കോ ആശിര്‍വാദ്'. 8297324624 എന്ന നമ്പറിലേക്ക് നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയക്കാം. നിങ്ങള്‍ക്ക് അദ്ദേഹത്തിന് സന്ദേശവുമയക്കാം' സുനിത പറഞ്ഞു.
കെജ്രിവാളിന്റെ മോചനത്തിനായി നിരാഹാരമിരിക്കുന്നതായി പലരും തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.'ഇങ്ങനെയാണ് ആളുകള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നത്. നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്ക് അയക്കുക. നിങ്ങളുടെ ഓരോ സന്ദേശവും അദ്ദേഹത്തിന്റെ അടുത്തെത്തും. അവ വായിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെടും. അദ്ദേഹത്തിന് കത്തെഴുതാന്‍ നിങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്കാരനാകേണ്ടതില്ല,' സുനിത പറഞ്ഞു.
കെജ്‌രിവാളിന്റെ ആരോഗ്യനില മോശമാണെന്ന് കഴിഞ്ഞ ദിവസം സുനിത വെളിപ്പെടുത്തിയിരുന്നു. ഇ.ഡി കസ്റ്റഡിയില്‍ അദ്ദേഹം പീഡിപ്പിക്കപ്പെടുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് തനിക്ക് വലിയ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ച ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കെജ്‌രിവാളിനെ സുനിത കണ്ടിരുന്നു.
അതേസമയം കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഏപ്രില്‍ 1 വരെ നീട്ടിയിട്ടുണ്ട്. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. കെജ്‌രിവാളിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി കെജ്‌രിവാളിനെ ചോദ്യം ചെയ്യാനാണ് ഇ.ഡി തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."