കര്‍ണാടകയില്‍ 5.75 ലക്ഷം, ഇവിടെ 11 ലക്ഷം; കോടികളുടെ കൊയ്ത്തിന് കളമൊരുങ്ങി
ആലപ്പുഴ: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയിലെ മെറിറ്റ് സീറ്റില്‍ വിട്ടുവീഴ്ച്ചയ്ക്കു തയാറായ മാനേജ്‌മെന്റുകള്‍ എന്‍.ആര്‍.ഐ, മാനേജ്‌മെന്റ് ക്വാട്ടകളില്‍ കൊയ്യാന്‍ പോകുന്നത് കോടികള്‍. ഫീസ് നിര്‍ണയചര്‍ച്ച അവസാനിച്ചതോടെ നേട്ടം സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് മാത്രമായി. മെഡിക്കല്‍ പ്രവേശനത്തിന് കര്‍ണാടകത്തില്‍ 5.75 ലക്ഷം ഫീസ് നല്‍കേണ്ടിടത്ത് കേരളത്തില്‍ 11 ലക്ഷമായി നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനം മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ ക്വാട്ടയില്‍ പ്രവേശനം കാത്തിരിക്കുന്നവര്‍ക്ക് ഇരട്ടപ്രഹരമാണ് സമ്മാനിച്ചിരിക്കുന്നത്. ഈ തീരുമാനത്തിലൂടെ സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ക്ക് കോടികള്‍ കൊയ്യാനുള്ള അവസരമാണ് വന്നിരിക്കുന്നത്.
നീറ്റ് പ്രവേശന പരീക്ഷയെഴുതി പ്രവേശനം തേടുന്നവരെ വലയ്ക്കുന്ന നിലയിലേക്ക് സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം മാറി കഴിഞ്ഞു. പുതിയ ഓരോ വിദ്യാര്‍ഥിയില്‍ നിന്നും ഒരുകോടി രൂപയെങ്കിലും ലഭിക്കുന്ന രീതിയിലേക്കാണ് പ്രവേശനടപടി മാറിയത്. എല്ലാ സ്വകാര്യ മാനേജ്‌മെന്റുകളും അപേക്ഷ സ്വീകരിക്കുന്നത് ഓഗസ്റ്റ് 31 ന് അവസാനിപ്പിച്ചതോടെ പ്രവേശനടപടിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. പല കോളജുകളും കൗണ്‍സിലിങ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരുമായി ധാരണയില്‍ എത്തുന്നതിന് മുന്‍പേ മാനേജ്‌മെന്റുകള്‍ ഫീസ് പ്രോസ്‌പെക്ടസില്‍ പ്രഖ്യാപിച്ചിച്ചിരുന്നു. ട്യൂഷന്‍ ഫീസ് 10 മുതല്‍ 15 ലക്ഷം രൂപ വരെ. ഇതാണ് സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കിയത്. ഇതിനുപുറമേ ക്വാഷന്‍ ഡിപ്പോസിറ്റ് അത്രയും തന്നെ തുകയാണ്. മറ്റ് ഫീസുകള്‍ ഉള്‍പ്പെടെ മാനേജ്‌മെന്റ് സീറ്റിലേക്ക് അപേക്ഷിക്കുന്നവര്‍ ആദ്യ തവണ 30 ലക്ഷം രൂപയെങ്കിലും നല്‍കണം. കൂടാതെ അഞ്ചു വര്‍ഷത്തെ ബാങ്ക് ഗാരന്റിയായി 50 ലക്ഷം രൂപ വേറെയും. പ്രവേശനം നേടുന്ന ഒരു വിദ്യാര്‍ഥിയില്‍ നിന്നും 80 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് അഞ്ചുവര്‍ഷ കോഴ്‌സിന് നിലവില്‍ മാനേജ്‌മെന്റുകള്‍ നിശ്ചയിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ തലവരി ഉള്‍പ്പെടെ ആദ്യവര്‍ഷം ഒരു വിദ്യാര്‍ഥി നല്‍കേണ്ടി വന്നത് 30 ലക്ഷം രൂപയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. അതേതുക തന്നെ നീറ്റ് പോലെ കടുകട്ടിയായ പ്രവേശനപരീക്ഷ എഴുതി മെച്ചപ്പെട്ട റാങ്ക് നേടിയ വിദ്യാര്‍ഥികളോടും വാങ്ങുന്നത് അനീതിയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
അതേസമയം തന്നെ എന്‍.ആര്‍.ഐ ക്വാട്ടയില്‍ രണ്ടുകോടിയോളം രൂപയാണ് ആകെ ഫീസിനത്തില്‍ ചെലവാകുക. എന്നാല്‍, കര്‍ണാടകയില്‍ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനത്തിന് 5.75 ലക്ഷം രൂപ വാങ്ങുമ്പോഴാണ് കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥി അതിന്റെ ഇരട്ടിയലധികം രൂപ വാര്‍ഷിക ഫീസായി നല്‍കേണ്ടി വരുന്നത്. കര്‍ണാടകയിലെ 13 സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ കൂട്ടായ്മയായ കോമെഡ് ഈ തുകയ്ക്കാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. ഇതര മെഡിക്കല്‍ കോളജുകളും നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്നുളളവര്‍ക്ക് 10 ലക്ഷം വരെ മാത്രമേ ഫീസായി വാങ്ങുന്നുള്ളൂ. മണിപ്പാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങള്‍ 9.18 ലക്ഷം രൂപയാണ് ട്യൂഷന്‍ ഫീസായി നിശ്ചയിച്ചിരിക്കുന്നത്. സ്വാശ്രയ കോളജ് പ്രവേശനത്തിന് മുന്‍പായി ഫീസും പ്രോസ്‌പെക്ടസും ജയിംസ് കമ്മിറ്റി അംഗീകരിച്ചിരിക്കണമെന്നാണ് വ്യവസ്ഥ.
7.70 ലക്ഷമാണ് മഞ്ചേരിയിലെ മെഡിക്കല്‍ കോളജ് പ്രോസ്‌പെക്ടസില്‍ ഫീസ് കാണിച്ചിട്ടുള്ളത്. എന്നാല്‍ മഞ്ചേരി മെഡിക്കല്‍ കോളജിന്റെ പ്രോസ്‌പെക്ടസ് തിരുത്തണമെന്ന് ജെയിംസ് കമ്മിറ്റി ഉത്തരവിട്ടെങ്കിലും അവര്‍ പ്രവേശന നടപടികളുമായി മുന്നോട്ടു പോയി. അപേക്ഷാ സമര്‍പ്പണം അവസാനിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ ഒരു മെഡിക്കല്‍ കോളജ് മൂന്നു ദിവസത്തിനുള്ളില്‍ അപേക്ഷാ സമര്‍പ്പണം തന്നെ അവസാനിപ്പിച്ചു.
സംസ്ഥാനത്തെ 21 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും പ്രവേശനടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. ഓരോ കോളജും 2000 രൂപയുടെ ഡി.ഡി സഹിതമാണ് അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. കൂടാതെ അപേക്ഷകന്‍ തുടര്‍ ഫീസുകള്‍ക്ക് ബാങ്ക് ഗാരന്റി നല്‍കുമെന്ന് ഉറപ്പുനല്‍കുന്ന 200 രൂപയുടെ മുദ്രപത്രത്തിലുളള ഉടമ്പടിയും നല്‍കണം.
കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ ഇത്രയും കോളജുകളില്‍ അപേക്ഷ സമര്‍പ്പിക്കുക എന്നത് വിദ്യാര്‍ഥികള്‍ക്ക് ശരിക്കും പരീക്ഷണമായി മാറിയെന്ന് രക്ഷിതാക്കള്‍ പറയുന്നു. അപേക്ഷ ക്ഷണിച്ചതായി പത്രങ്ങളിലോ മറ്റോ പരസ്യം നല്‍കിയിരുന്നില്ല. പലരും കേട്ടറിഞ്ഞാണ് അപേക്ഷ നല്‍കിയത്. ഇനിയും വൈകിയാല്‍ അന്യസംസ്ഥാനങ്ങളിലേക്ക് കുട്ടികള്‍ ഒഴുകുമെന്നതാണ് മുന്‍കൂട്ടി അറിയിപ്പ് നല്‍കാതിരുന്നതിന് കാരണമായി മാനേജ്‌മെന്റുകള്‍ പറയുന്നത്.
എല്ലാ കോളജുകളും ഓണ്‍ലൈനില്‍ പേരിന് അപേക്ഷ ക്ഷണിച്ചുവെങ്കിലും എല്ലാ രേഖകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അതാത് കോളജുകളില്‍ എത്തിക്കണമെന്നാണ് നിര്‍ദേശിച്ചത്. ഫലത്തില്‍ ഇത് അപേക്ഷകര്‍ക്ക് ഇരട്ടി ബുദ്ധിമുട്ടായി. നീറ്റ് യോഗ്യത മാനദണ്ഡമാക്കിയതോടെ അപേക്ഷകരുടെ എണ്ണം കുറയ്ക്കാനാണ് മാനേജ്‌മെന്റുകള്‍ അപേക്ഷാ സമര്‍പ്പണത്തിന് സമയംകുറച്ചത്. യോഗ്യരായവരുടെ അപേക്ഷ കുറഞ്ഞാല്‍ ഏജന്റുമാര്‍ വഴി ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ പിന്നീട് ഉയര്‍ന്ന തുക വാങ്ങി വിറ്റഴിക്കാനാകുമെന്നതാണ് മാനേജ്‌മെന്റുകള്‍ കണക്കുകൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."