ഹോട്ടലുകളില്‍ പരിശോധന; 12 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി
അഞ്ചാലുംമൂട്: ഹോട്ടലുകളില്‍ റെഫ്രിജറേറ്ററിലും അല്ലാതെയും സൂക്ഷിച്ചിരുന്ന പഴകിയ ആഹാരങ്ങള്‍ തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥര്‍ പിടികൂടി.
ലൈസന്‍സ് ഇല്ലാത്തതും വൃത്തിഹീനമായിട്ടുള്ളതുമായ 12 കടകള്‍ക്ക് നോട്ടീസ് നല്‍കി. അഞ്ചാലുംമൂട്, വാഴങ്ങല്‍, കടവൂര്‍ അഞ്ചാലുമൂട് റൂട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ആഹാരങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. പഴകിയ ഇറച്ചിക്കറികള്‍, മാവ്, ചപ്പാത്തി, വിവിധയിനം കറികള്‍, കാലാവധി കഴിഞ്ഞ പാല്‍ എന്നിവ പിടിച്ചെടുത്തവയില്‍പ്പെടും. പുകയില നിയന്ത്രണ നിയമം കോട്പ പ്രകാരം ഒരു കടക്കാരന് പിഴ ചുമത്തി.
വെള്ളം ക്ലോറിനേറ്റ് ചെയ്യുക, ജൂസും ഐസും നല്ല വെള്ളത്തില്‍ തയാറാക്കുക, തിളപ്പിച്ചാറ്റിയ വെള്ളം നല്‍കുക, പൊട്ടി പൊളിഞ്ഞ പാത്രങ്ങളും പൊറോട്ട ഷീറ്റും മാറ്റുക, പഴകിയ എണ്ണ ഉപയോഗിക്കാതിരിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, ഹെല്‍ത്ത് കാര്‍ഡ് എടുക്കുക, മലിനപ്പെടാത്ത വിധം ആഹാരം പാകം ചെയ്യുക, ദേഹത്ത് ഏപ്രണ്‍, തലയില്‍ തൊപ്പി എന്നിവ ധരിക്കുക, പൊതു ഓടയിലേക്കുള്ള മലിനജലക്കുഴല്‍ നീക്കുക, ലൈസന്‍സ് പ്രദര്‍ശിപ്പിക്കുക തുടങ്ങിയവ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ഹെല്‍ത്തി കേരളയുടെ ഭാഗമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ ബാലഗോപാലിന്റെ
നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജൂനിയര്‍ എച്ച്.ഐമാരായ എ. രാജേഷ്, പ്രതിഭ, ശ്രീകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു മെഡിക്കല്‍ ഓഫിസര്‍ ഡോ. സീമ ശിവാനന്ദ് അറിയിച്ചു.
വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."