സിപിഎമ്മിനും നോട്ടിസ്; 15 കോടി നല്‍കണമെന്ന് ആദായ നികുതി വകുപ്പ്
തിരുവനന്തപുരം: കോണ്‍ഗ്രസിനും സിപിഐയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും പിന്നാലെ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു. ആദായനികുതി വകുപ്പ് നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതായി സിപിഎം അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സിയുടെ നടപടി. തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍കുമ്പോള്‍ പുതുതായി 1700 കോടിയുടെ നോട്ടീസാണ് ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന് കൈമാറിയത്. 2017-18 മുതല്‍ 2021 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക. ഈ കാലഘട്ടത്തിലെ നികുതി പുനര്‍ നിര്‍ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെയാണ് ആദായ നികുതി വകുപ്പ് നോട്ടിസ് അയച്ചത്.
കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. 11 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ച് ടാക്‌സ് റിട്ടേണ്‍ ചെയ്തതിനാലുളള 'കുടിശ്ശിക'യും പാന്‍ കാര്‍ഡ് തെറ്റായി രേഖപ്പെടുത്തിയതിനാണ് പിഴയുമടക്കമാണ് 11 കോടിയെന്നാണ് നോട്ടീസില്‍ പറയുന്നത്.
നോട്ടീസ് കിട്ടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും 72 മണിക്കൂറിനിടെ 11 ഐടി നോട്ടീസുകള്‍ കിട്ടിയെന്ന് സാകേത് ഗോഖലെ എംപി പ്രതികരിച്ചു. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ സമ്മര്‍ദത്തിലാക്കാന്‍ എല്ലാ വഴികളും നോക്കുകയാണ് ബിജെപി. ഇഡി നടപടി നടക്കാതായപ്പോള്‍ ആദായനികുതി വകുപ്പിനെ ഇറക്കി. മോദി പരിഭ്രാന്തനാണെന്നും ഗോഖല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."