രഞ്ജി ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെ വിറപ്പിച്ച് കേരളം; ആദ്യ ദിനം സർവാധിപത്യം
പൂനെ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെ എറിഞ്ഞു വീഴ്ത്തി കേരളം. മത്സരത്തിന്റെ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ജമ്മു കശ്മീർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എന്ന നിലയിലാണ്. കേരളത്തിനായി എംഡി നിതീഷ് തകർപ്പൻ ബൗളിംഗ് പ്രകടനമാണ് നടത്തിയത്. ജമ്മു കശ്മീരിന്റെ അഞ്ചു വിക്കറ്റുകളാണ് താരം നേടിയത്. 23 ഓവറിൽ ആറ് മെയ്ഡൻ ഉൾപ്പടെ 56 റൺസ് വിട്ടുനൽകിയാണ് നിതീഷ് അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയത്.
നെടുമൻകുഴി ബേസിൽ, ആദിത്യ സർവതേ, ബേസിൽ തമ്പി എന്നിവർ ഓരോ വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. ജമ്മുവിന് വേണ്ടി കനയ്യ വധവാൻ 80 പന്തിൽ 48 റൺസും ലോനെ നസീർ 97 പന്തിൽ 44 റൺസും നേടി മികച്ചുനിന്നു. രണ്ടാം ദിനത്തിൽ കേരളം ഈ തകർപ്പൻ ബൗളിംഗ് തുടരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതേസമയം രഞ്ജി ട്രോഫിയിൽ ബീഹാറിനെ പരാജയപ്പെടുത്തിയായിരുന്നു കേരളം ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. ബീഹാറിനെ ഇന്നിങ്‌സിനും 168 റൺസിനും കീഴടക്കിയാണ് കേരളം ക്വാർട്ടറിലേക്ക് മുന്നേറിയത്. നീണ്ട ആറ് വർഷങ്ങൾക്ക് ശേഷമാണ് കേരളം രഞ്ജിയുടെ ക്വാർട്ടർ ഫൈനൽ യോഗ്യത നേടുന്നത്.
ഒന്നാം ഇന്നിങ്‌സിൽ വെറും 64 റൺസിനു പുറത്തായി ഫോളോഓൺ ചെയ്ത ബിഹാർ, രണ്ടാം ഇന്നിങ്‌സിലും കൂട്ടത്തോടെ തകർന്നടിഞ്ഞ് 41.1 ഓവറിൽ 118 റൺസിനു പുറത്തായതോടെയാണ് കേരളം ഗംഭീര വിജയം നേടിയത്. കർണാടക, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങി ആഭ്യന്തര ക്രിക്കറ്റിലെ വമ്പൻമാർ ഉൾപ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് സിയിൽ നിന്നാണ് കേരളം ക്വാർട്ടറിൽ പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."