ചേളാരിയില്‍ ബി.എം.എസും പണിമുടക്കി ഐ.ഒ.സി പ്ലാന്റ് നിശ്ചലം
തേഞ്ഞിപ്പലം: കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂനിയന്‍ സമിതി ആഹ്വാനം ചെയ്ത് 24 മണിക്കൂര്‍ ദേശീയ പണിമുടക്കു ചേളാരി ഐഒസി എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റിനെ നിശ്ചലമാക്കി.
പ്ലാന്റിലെ തൊഴിലാളി സംഘടനകള്‍ എല്ലാം പണിമുടക്കിനോട് പൂര്‍ണമായി സഹകരിച്ചതോടെയാണു പ്ലാന്റ് സ്തംഭനാവസ്ഥയിലായത്. ബി.എം എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
എന്നാല്‍ ചേളാരി പ്ലാന്റില്‍ ബി.എം എസ് അനുഭാവികളും പണിമുടക്കുമായി സഹകരിച്ചതോടെ പ്ലാന്റ് 16 മണിക്കൂര്‍ നിശ്ചലമായി. തേഞ്ഞിപ്പലത്തും പെരുവള്ളൂരിലും മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞു കിടന്നു.സ്വകാര്യ വാഹനങ്ങള്‍ യഥേഷ്ടം ഓടിയെങ്കിലും ബസും ടാക്‌സി വാഹനങ്ങളും ഇല്ലാത്തതു പലയാത്രക്കാരെയും വലച്ചു. ദേശീയ പാത താഴെ ചേളാരി ജങ്ഷനില്‍ പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു. ലോറികളും കാറുകളുമടക്കമുള്ള വലിയ വാഹനങ്ങളാണു കുടുങ്ങിയത്.
അന്യ സംസ്ഥാന ചരക്കുവാഹനങ്ങളും ഇതില്‍പ്പെടും. അതേസമയം ഇരു ചക്ര വാഹനങ്ങളെ പണിമുടക്കു ബാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."