വന്യജീവി ആക്രമണം; വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍
കല്‍പ്പറ്റ: വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും തൃണമൂല്‍ കോണ്‍ഗ്രസും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഇന്ന്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ജില്ലയില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയാവുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍. ഇന്നലെയും നൂല്‍പ്പുഴയില്‍ ആദിവാസി യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ അടക്കം നേതൃത്വത്തില്‍ പ്രതിഷേധവും പിക്റ്റിംഗും നടന്നിരുന്നു.
അതേസമയം ഇന്നത്തെ ഹര്‍ത്താലിന് പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഭാഗികമായ നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാവാന്‍ സാധ്യതയുള്ളൂ. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി.
കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നുവെങ്കിലും,ബസ് നിര്‍ത്തിവെച്ചു കൊണ്ടുള്ള ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.
നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിര്‍ത്തി വെച്ച് കൊണ്ടുള്ള സമരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. നാളെ ബസ് സര്‍വ്വീസ് നടത്താന്‍ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. സര്‍വീസ് നാളെ സുഗമമായി നടത്താന്‍ ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അതിനിടെ കാട്ടാന ആക്രമണം പെരുകുന്ന പശ്ചാത്തലത്തില്‍ വനം വകുപ്പിലെ എല്ലാ വിഭാഗം മേധാവികളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉന്നതതലയോഗം വിളിച്ചുചേര്‍ക്കാന്‍ വനംമന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. മുഖ്യവനം മേധാവിക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം വനം വകുപ്പിലെ ഉദ്യോഗസ്ഥരും വനം വകുപ്പ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് യോഗം.
പട്രോളിങ് ശക്തിപ്പെടുത്താന്‍ എല്ലാവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരെ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."