വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ
ഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിലെ ജെ.പി.സി (സംയുക്ത പാര്‍ലമെന്ററി സമിതി) റിപ്പോര്‍ട്ടിനെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധം. ഇരുസഭകളിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ലോക്‌സഭ രണ്ടുമണിവരെ പിരിഞ്ഞു. റിപ്പോര്‍ട്ടിനെതിരെ രാജ്യസഭയിലും പ്രതിഷേധമുയര്‍ന്നു. എന്നാല്‍പ്രതിഷേധങ്ങള്‍ക്കിടെ വഖഫ് ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭ അംഗീകാരം നല്‍കി.
റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ് ജെപിസി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും അത് ജനാധിപത്യ വിരുദ്ധമാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വ്യാജ ജെ.പി.സി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
അതിനിടെ, സമിതി അധ്യക്ഷന്‍ ജഗദംബിക പാല്‍ റിപ്പോര്‍ട്ട് സ്പീക്കര്‍ക്കു നല്‍കിയിരുന്നു. ഈ സമ്മേളനത്തില്‍ത്തന്നെ ബില്‍ പാസാക്കാനാണു കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നാണ് സൂചന. എന്‍.ഡി.എ അംഗങ്ങള്‍ മുന്നോട്ടുവച്ച മാറ്റങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ വിയോജനക്കുറിപ്പു നല്‍കിയിരുന്നു. മതസ്വാതന്ത്ര്യവും മൗലികാവകാശവും ലംഘിക്കുന്ന വഖഫ് ഉന്മൂലന ബില്ലാണിതെന്ന് എം.പിമാര്‍ വാദിച്ചിരുന്നു. 231 പേജുകളുള്ള വിയോജനക്കുറിപ്പാണ് എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസി നല്‍കിയത്.
ബി.ജെ.പിയുടെ 22 ഭേദഗതികള്‍ അംഗീകരിച്ച ജെ.പി.സി പ്രതിപക്ഷത്തിന്റെ 44 ഭേദഗതികളും തള്ളികയായിരുന്നു. ഭേദഗതികളില്‍ വോട്ടെടുപ്പ് നടത്തിയെന്നും 16 എം.പിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 10 എം.പിമാര്‍ എതിര്‍ത്തുവെന്നും ജെ.പി.സി ചെയര്‍മാന്‍ ജഗദാംബിക പാല്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."