വഖ്ഫ് ബില്ലിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്; ഏകസിവില്‍കോഡിനെ കോടതിയില്‍ ചോദ്യംചെയ്യും
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന വിവാദമായ വഖ്ഫ് ഭേദഗതി ബില്ലിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. വഖ്ഫ് നിയമങ്ങളിലെ നിര്‍ദ്ദിഷ്ട ഭേദഗതികളെ ശക്തമായി എതിര്‍ത്ത വ്യക്തിനിയമ ബോര്‍ഡ്, ഭേദഗതികള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും വ്യക്തമാക്കി. ബില്ല് സംബന്ധിച്ച ജെ.പി.സി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ച സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തരയോഗത്തിലാണ്, ബോര്‍ഡ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.
ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ കൊണ്ടുവരുന്ന ഏക സിവില്‍കോഡുകള്‍ അപ്രായോഗികവും വിവേചനപരവുമാണെന്നും ബോര്‍ഡ് അഭിപ്രായപ്പെട്ടു. ഭേദഗതികള്‍ പക്ഷപാതപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ബോര്‍ഡ് അധ്യക്ഷന്‍ ഖാലിദ് സൈഫുല്ല റഹ്മാനി പറഞ്ഞു. മുസ്‌ലിംകളില്‍ നിന്ന് വഖ്ഫ് സ്വത്തുക്കള്‍ കണ്ടുകെട്ടുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുകയാണ്. മറ്റ് വിഭാഗങ്ങളുടെ മതപരമായ സ്ഥലങ്ങള്‍ അതത് സമുദായങ്ങളിലെ അംഗങ്ങളാണ് നടത്തുന്നത്. മതപരമായ സ്ഥലങ്ങളുടെ നടത്തിപ്പ് ആ മതത്തിലെ ആളുകളാണ് ചെയ്യേണ്ടത്. വഖ്ഫ് പ്രശ്‌നം ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ളതല്ല. വിശ്വാസപരവും നീതിപരവുമായ വിഷയമാണിത്. ബില്‍ സമുദായത്തെ ലക്ഷ്യംവച്ചാണ് രൂപകല്‍പ്പന ചെയ്തത്. പൗരന്‍മാര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശമാണ് വഖ്ഫ് നിയമം. അത് ദുര്‍ബലപ്പെടുത്താനുള്ള ഒരു നീക്കവും അംഗീകരിക്കില്ല. നിയമം എല്ലാവര്‍ക്കും ബാധകമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഗോത്ര സമൂഹങ്ങളെ ഒഴിവാക്കിയുള്ള നിയമം നടപ്പാക്കിയത്. സാധ്യമായ എല്ലാ ഭരണഘടനാപരവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ ഈ നിയമത്തെ കോടതിയില്‍ ചോദ്യംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ മുസ്‌ലിംകളോട് സത്യസന്ധതയില്ലാതെ പെരുമാറുകയാണെന്ന് ബോര്‍ഡ് വൈസ് പ്രസിഡന്റ് മൗലാന ഉബൈദുല്ല ഖാന്‍ ആസ്മി പറഞ്ഞു. പരിഷ്‌കരണം അല്ല ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മറിച്ച് വഖ്ഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കലാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന്റെ മറവില്‍ മുസ്‌ലിംകളെ തുടര്‍ച്ചയായി ഉപദ്രവിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന മുജദ്ദിദി ആരോപിച്ചു. ഞങ്ങളുടെ ആശങ്കകള്‍ മനസ്സിലാക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. നിയമം ബലപ്രയോഗത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അത് അസ്വസ്ഥതയിലേക്ക് നയിക്കുമെന്നും അനന്തരഫലങ്ങള്‍ക്ക് സര്‍ക്കാരായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാര്‍ലമെന്റില്‍ ബില്ലിനെതിരെ ശബ്ദമുയര്‍ത്തിയ പ്രതിപക്ഷ പാര്‍ട്ടികളോട് ബോര്‍ഡ് നന്ദി അറിയിച്ചു.
Muslim Personal Law Board to nationwide protest against Waqf Bill
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."