യു.എസില്‍ നിന്ന് നാടു കടത്തപ്പെട്ട രണ്ടാം സംഘം ഇന്ത്യയിലെത്തി; ഇത്തവണ 'കയ്യാമ'മില്ലെന്ന് സൂചന
ന്യൂഡല്‍ഹി: യു.എസില്‍ നിന്നുള്ള അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായെത്തിയ രണ്ടാമത് അമേരിക്കന്‍ സൈനിക വിമാനം ഇന്ത്യയിലെത്തി. പഞ്ചാബിലെ അമൃത്സറിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഇന്നലെ രാത്രി 11:40 നെത്തിയ അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി17 ഗ്ലോബ് മാസ്റ്ററില്‍ 119 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇതില്‍ 67 പേര്‍ പഞ്ചാബികളാണ്. 33 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരും ഗുജറാത്ത് സ്വദേശികളായ 8 പേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ള 3 പേരും, മഹാരാഷ്ട്ര രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേരും ജമ്മുകശ്മീര്‍ ഹിമാചല്‍പ്രദേശ് ഗോവ സ്വദേശികളായ ഓരോരുത്തരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രവ്‌നീത് സിംഗ് ബിട്ടു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവര്‍ ഇവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. തിരിച്ചെത്തിയവര്‍ അവരുടെ നാടുകളിലേക്ക് മടങ്ങി. അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യതിരിച്ചെത്തിയ ദിവസം തന്നെയാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനവും ഇന്ത്യയിലേക്ക് എത്തിയത്.
18നും 30നും മധ്യേ പ്രായമുള്ളവരായിരുന്നു ഇത്തവണത്തെ. യാത്രക്കാരില്‍ ഭൂരിഭാഗവും. ഇത്തവണ യാത്രക്കാര്‍ക്ക് കയ്യാമമൊന്നും വെച്ചിരുന്നില്ലെന്നാണ് വിവരം. അതേസമയം, സ്തീകളും കുട്ടികളും മാത്രമാണ് ഇതില്‍ നിന്ന് ഒഴിവായതെന്നും പുരുഷന്‍മാര്‍ക്ക് കയ്യാമെ വച്ചിരുന്നുവെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കവിഞ്ഞ തവണ യാത്രക്കാരെ വിലങ്ങ് വച്ച് കൊണ്ടു വന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
അതേസമം, യു.എസില്‍ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ അമൃതസറില്‍ മാത്രം ഇറക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ പഞ്ചാബ് സര്‍ക്കാര്‍ രൂക്ഷമായി പ്രതികരിച്ചു. പഞ്ചാബിനെ അപമാനിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യക്തികളും നാടുകടത്തുന്നവരില്‍ ഉള്‍പ്പെട്ടിട്ടും വിമാനം അമൃത്‌സറില്‍ ഇറക്കുന്നതിനാണ് കേന്ദ്രം അനുമതി നല്‍കുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരുമായി എത്തിയ ആദ്യത്തെ വിമാനത്തില്‍ ഹരിയാനയില്‍ നിന്നും ഗുജറാത്തില്‍ നിന്നും 33 പേര്‍ വീതമുണ്ടായിരുന്നു. പഞ്ചാബില്‍നിന്നുള്ള 30 പേരും ഉള്‍പ്പെട്ടിരുന്നു.എന്നാല്‍, വിമാനം ഇറങ്ങിയത് അമൃത്‌സറിലാണ്. ഇന്നലെ നൂറിലധികം യാത്രക്കാരുമായെത്തിയ രണ്ടാം വിമാനവും പഞ്ചാബിലാണ് ഇറങ്ങിയത്.
എന്തിന്റെ അടിസ്ഥാനത്തിലാണ് അമൃത്‌സറിനെ തെരഞ്ഞെടുത്തതെന്ന് ചോദിച്ച മുഖ്യമന്ത്രി, പഞ്ചാബികള്‍ മാത്രമാണ് അനധികൃത കുടിയേറ്റം നടത്തുന്നതെന്ന് ചിത്രീകരിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു. എന്തുകൊണ്ട് രാജ്യതലസ്ഥാനത്ത് ഇറക്കുന്നില്ല. വിശുദ്ധനഗരമായ അമൃത്‌സറിനെ ഡിപോര്‍ട്ടേഷന്‍ സെന്ററാക്കി കേന്ദ്രം മാറ്റിയെന്നും പഞ്ചാബ് മുഖ്യമന്ത്രി ആരോപിച്ചു.
അതേസമയം, അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്ന വിമാനങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം അമൃത്‌സറാണെന്നും അതിനാലാണ് അവിടെ ഇറക്കുന്നതെന്നും ബി. ജെ.പി ദേശീയ വക്താവ് ആര്‍.പി സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."