എസ്.യു.വിയും 25 ലക്ഷം രൂപയും നല്‍കിയില്ല; വധുവിന്റെ ശരീരത്തില്‍ എച്ച്.ഐ.വി കുത്തിവെച്ച് ഭര്‍തൃവീട്ടുകാര്‍
ഉത്തര്‍പ്രദേശ്: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ മകളുടെ ശരീരത്തില്‍ എച്ച്‌ഐവി ബാധിത സിറിഞ്ച് കുത്തിവെച്ചതായി പരാതി.പിതാവിന്റെ പരാതിയില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസ് എടുത്തതായി സഹാറന്‍പൂര്‍ പോലിസ് അറിയിച്ചു.
2024 മെയ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2023 ഫെബ്രുവരിയില്‍ അഭിഷേക് എന്ന സച്ചിനുമായുള്ള മകള്‍ സോണല്‍ സെയ്‌നിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍തൃവീട്ടുകാരുടെ ആവശ്യ പ്രകാരം 10 ലക്ഷം രൂപയും കാറും ഭര്‍ത്താവിന് യുവതിയുടെ പിതാവ് അപ്പോള്‍ തന്നെ നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീധനം കുറവാണെന്നും 25 ലക്ഷം രൂപയും എസ്.യു.വി കാറും ഇനിയും വേണമെന്നും ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു. സാമ്പത്തികമായി മോശം അവസ്ഥയായതിനാല്‍ പിതാവ് ആവശ്യം നിരസിച്ചു. തുടര്‍ന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ഭര്‍തൃവീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. മൂന്നുമാസത്തോളമായി സ്വന്തം വീട്ടിലായിരുന്നു താമസം.
പിന്നീട് പഞ്ചായത്ത് പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുകയും യുവതിയെ ഭര്‍ത്താവിനൊപ്പം പോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഭര്‍തൃവീട്ടില്‍ വെച്ച് യുവതിയുടെ മേല്‍ ബലാത്ക്കാരമായി എച്ച്‌ഐവി ബാധിത സിറിഞ്ച് കുത്തിവെച്ചത്. മകളുടെ ആരോഗ്യം നിരന്തരം മോശമാകുന്നതിനെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് എച്ച്.ഐ.വി ബാധിതയാണെന്ന വിവരം അറിയുന്നത് . ഭര്‍ത്താവിന്റെ രക്തം പരിശോധിച്ചപ്പോള്‍ എച്ച്.ഐ.വി ബാധിതനല്ലെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് പിതാവ് കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദേശപ്രകാരം ഗ്യാങ്കോഹ് പോലീസ് ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ കേസ് എടുത്തത്.
സ്ത്രീധന പീഡനം,ആക്രമണം,കൊലപാതക ശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."