ഉഗ്രസ്‌ഫോടനങ്ങള്‍ ഭീതിപരത്തുന്നു
കണ്ണൂര്‍: വീടുകളിലും വീട്ടുവളപ്പിലും കളിസ്ഥലങ്ങളിലും റോഡരികിലും ഒളിപ്പിച്ചുവയ്ക്കുന്ന ബോംബുകള്‍ ജനങ്ങളില്‍ ഭീതിപരത്തുന്നു. നിരപരാധികളാണ് ഇവയുണ്ടാക്കുന്ന സ്‌ഫോടനങ്ങളില്‍ ഛിന്നഭിന്നമാകുന്നത്. ഇന്നലെ പൊതുപണിമുടക്ക് ദിവസം ജില്ലയില്‍ രണ്ടിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ നിരപരാധികളായ രണ്ടു പേര്‍ക്കാണ് പരുക്കേറ്റത്. കാക്കയങ്ങാട് പാലപ്പുഴയില്‍ പറമ്പിലെ കാടു വെട്ടിത്തെളിക്കുന്നതിനിടയില്‍ ഗൃഹനാഥനായ അബ്ദുല്‍ റസാക്കിനും പാനൂര്‍ ചെണ്ടയാട് ബി.ജെ.പി പ്രവര്‍ത്തകന്‍ ചന്ദ്രന്റെ മകന്‍ പത്തു വയസുള്ള ദേവാനന്ദിനുമാണ് പരുക്കേറ്റത്. ആള്‍താമസമില്ലാതെ വീട്ടുവളപ്പില്‍ കളിക്കുകയായിരുന്നു ദേവാനന്ദ്. ഈവീടിന്റെ പുകക്കുഴലില്‍ സൂക്ഷിച്ച ബോംബാണ് താഴെ വീണ് പൊട്ടിയത്.
ര ണ്ടാഴ്ച മുന്‍പാണ് കൂത്തുപറമ്പിനടുത്തെ കോട്ടയം പൊയിലില്‍ ബോംബു നിര്‍മാണത്തിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ദീക്ഷിത് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ചക്കരക്കല്‍ വെള്ളച്ചാലിലെ പിലാഞ്ഞിയിലും നടുറോഡില്‍ ബോംബു സ്‌ഫോടനമുണ്ടായി.
ജില്ലയിലെ സി.പി.എം, ബി.ജെ.പി പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബുനിര്‍മാണവും സംഭരണവും വ്യാപകമാണെന്ന പരാതി ലഭിച്ചിട്ടും പൊലിസിനു ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല. ആളൊഴിഞ്ഞ സ്ഥലങ്ങളിലും വീടുകളിലും ബോംബു സൂക്ഷിക്കുന്നതു മാറി ഇപ്പോള്‍ വീടുകളിലാണ് ബോംബു നിര്‍മാതാക്കള്‍ ഇവ സംഭരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് തലശ്ശേരിക്കടുത്തെ കൊളശേരിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അമാവാസിയെന്ന തമിഴ് നാടോടി ബാലനും ചെറുവാഞ്ചേരിയിലുണ്ടായ ബോംബേറില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്‌നയെന്ന കുട്ടിക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. അമാവാസിക്ക് കണ്ണുകളും അസ്‌നയ്ക്കു കാലുമാണ് നഷ്ടപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് പത്തുവയസുകാരന്‍ ദേവാനന്ദിനും പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."