അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ് ചികിത്സയിലായിരുന്ന കൊമ്പന്‍ ചരിഞ്ഞു
തൃശൂര്‍: അതിരപ്പള്ളിയില്‍ മസ്തകത്തിന് പരുക്കേറ്റ് അവശനിലയിലായ കൊമ്പന്‍ ചരിഞ്ഞു. മയക്കുവെടി വെച്ച് കോടനാട് എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചതോടെ ജീവന്‍ രക്ഷിക്കാനായില്ല.
മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി കോടനാട്ട് ചികിത്സക്കെത്തിച്ച കൊമ്പനാണ് ചരിഞ്ഞത്. തലയില്‍ ഒരടിയോളം ആഴമുള്ള മുറിവായിരുന്നു ആനയ്ക്കുണ്ടായിരുന്നത്.
വെറ്റിലപ്പാറയ്ക്ക് സമീപത്തെ എണ്ണപ്പന തോട്ടത്തിന് അടുത്താണ് ആനയെ കണ്ടത്. ഏഴാറ്റുമുഖം ഗണപതിയെന്ന ആനയും കൊമ്പനൊപ്പം ഉണ്ടായിരുന്നു. ഇത് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ആനയെ തുരത്തിയ ശേഷമാണ് കൊമ്പന് മയക്കുവെടിവച്ചത്. കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം തുടങ്ങിയ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ രാവിലെ അഞ്ചോടെയാണ് ദൗത്യം ആരംഭിച്ചത്. മയങ്ങിയ ആനയെ കുങ്കിയാനകളുടെ സഹായത്തോടെ എഴുന്നേല്‍പ്പിച്ച് വാഹനത്തില്‍ കയറ്റി. ആനക്കൂട് നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. കൊമ്പന്റെ മസ്തകത്തിലെ മുറിവ് ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലാണ് ചികിത്സിച്ചുകൊണ്ടിരുന്നത്.
ജനുവരി 15 മുതല്‍ മസ്തകത്തില്‍ പരുക്കേറ്റ നിലയില്‍ കൊമ്പനെ പ്ലാന്റേഷന്‍ തോട്ടത്തില്‍ കണ്ടെത്തിയിരുന്നു. പരുക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ 24ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. തുടര്‍ന്ന് മുറിവ് പുഴുവരിച്ചനിലയില്‍ കണ്ടതോടെയാണ് മയക്കുവെടി വച്ച് പിടികൂടി ചികിത്സനല്‍കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."