വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ: കാലാവധി നാളെ അവസാനിക്കും
ന്യൂഡൽഹി: വഖ്ഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള കാലാവധി നാളെ അവസാനിക്കും. വഖ്ഫ് ഭേദഗതിയിൽ നിശ്ചയിച്ച ആറുമാസ പരിധിയാണ് നാളെ രാത്രി 12 മണിയോടെ അവസാനിക്കുക. പോർട്ടലിന്റെ സാങ്കേതിക തകരാറു മൂലം തങ്ങൾക്ക് രജിസ്ട്രേഷൻ സാധ്യമാകുന്നില്ലെന്ന് നിരവധി പേർ പരാതിയുന്നയിക്കുന്നതിനിടെയാണ് കാലാവധി നാളെ അവസാനിക്കുന്നത്. രജിസ്ട്രേഷൻ ചെയ്യാത്ത വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടുമെന്നതാണ് ആശങ്ക.
കാലാവധി നീട്ടാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയടക്കം നിരവധി പേർ സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഡിസംബർ ആറിനകം ട്രൈബ്യൂണലിനെ സമീപിക്കാനായിരുന്നു ഉത്തരവ്.
കേന്ദ്ര സർക്കാർ പാസാക്കിയ വഖ്ഫ് ഭേദഗതി നിയമത്തിലെ 3ബി വകുപ്പാണ് എല്ലാ വഖ്ഫ് സ്വത്തുക്കളും ആറുമാസത്തിനുള്ളിൽ ഏകീകൃത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ വയ്ക്കുന്നത്. ജൂൺ ആറിനാണ് പോർട്ടൽ നിലവിൽ വന്ന് രജിസ്ട്രേഷൻ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."