സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു; വിദ്യാർത്ഥിക്കെതിരെ കേസ്
പാലക്കാട്: ഇൻസ്റ്റഗ്രാമിൽ സഹപാഠികളായ പെൺകുട്ടികളുടെ ഫോട്ടോ അശ്ലീല കുറിപ്പുകളോടെ പങ്കുവെച്ചെന്ന പരാതിയിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു.നാലാം വർഷ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായ യദു എസിനെതിരെയാണ് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്.പാലക്കാട് എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥിയാണ് യദു എസ്.പരാതി ഉയർന്നതോടെ യദുവിനെ കോളേജിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.
കോളേജിൽ സഹപാഠികളായ വിദ്യാർത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് കൂടെ നിന്ന് ഫോട്ടോയെടുത്ത് അത് പീന്നീട് കട്ട് ചെയ്തെടുത്ത് അശ്ലീലകുറിപ്പുകളോടെ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.ഇത് അന്വേഷിച്ചെത്തുന്നവരോട് പെൺകുട്ടിയെക്കുറിച്ച് മോശമായി സംസാരിക്കുന്നതുമായിരുന്നു പ്രതി പിൻതുടർന്നിരുന്ന രീതിയെന്ന് പോലീസ് പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ ഇത്തരം ചിത്രം ശ്രദ്ധയിൽപ്പെട്ട മറ്റു കോളജുകളിലെ വിദ്യാർത്ഥികളാണ് പെൺകുട്ടികളെ ഇക്കാര്യം അറിയിക്കുന്നത്. ഈ കാര്യം അറിഞ്ഞതോടെ വിദ്യാർത്ഥിനികൾ കോളേജ് അധികൃതർക്ക് പരാതി നൽക്കുകയായിരുന്നു.വിദ്യാർത്ഥികളുടെ പരാതിയിൽ ആരോപണ വിധേയനായ യദുവിൻ്റെ ഫോൺ വാങ്ങി പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇതോടെ വിദ്യാർത്ഥികൾ നൽകിയ പരാതി ശ്രീകൃഷ്ണപുരം പൊലീസിന് കൈമാറുകയായിരുന്നു.
പരാതി ലഭിച്ചതോടെ പോലീസ് കോളേജിലെത്തി യദുവിൻ്റെ ഫോൺ, ലാപ്ടോപ് എന്നിവ കസ്റ്റഡിയിലെടുത്തു. 20 ലേറെ വിദ്യാർത്ഥിനികളാണ് പരാതി നൽകിയത്. പ്രതിക്കെതിരെ പോലീസ് ആദ്യം ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത് എന്നാൽ പരാതിക്കാർ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ ഐ ടി ആക്ട് പ്രകാരം ജാമ്യമില്ലാവകുപ്പ് കൂടി ചേർക്കുകയായിരുന്നു പോലീസ്. അതേസമയം പ്രതിക്കെതിരെ പൊലിസ് കേസെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് വിദ്യാർത്ഥികളുടേയും കോളേജ് അധികൃതരുടേയും ആരോപണം. ഇതിനുപിന്നിൽ ബാഹ്യഇടപെടലുകളുണ്ടോയെന്ന് സംശയിക്കുന്നതായും ഇവർ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."