അസ്ലം വധം: രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
നാദാപുരം: വെള്ളൂരില്‍ മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരെ കൂടി പൊലിസ് അറസ്റ്റു ചെയ്തു. ഇരിങ്ങണ്ണൂരിലെ നെല്ലിയുള്ളതില്‍ ജിബിന്‍രാജ് (26),വെല്ലൂരിലെ പൈക്കിലോട്ട് ഷാജി (28) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റുചെയ്തത്.
ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഭവം നടന്ന ഓഗസ്റ്റ് പന്ത്രണ്ടിന് ഇന്നോവ കാറില്‍ എത്തിയ കൊലയാളി സംഘത്തിന് അസ്ലമിന്റെ യാത്രാവിവരം കൈമാറിയത് ഇവരാണെന്ന് പൊലിസ് പറഞ്ഞു. മറ്റൊരു കാറിലും ബൈക്കിലും സഞ്ചരിച്ച പ്രതികള്‍ ഫോണ്‍ മുഖേന വിവരങ്ങള്‍ കൈമാറുകയായിരുന്നു. ചാലപ്പുറത്തിനും വെള്ളൂരിനും ഇടയിലുള്ള ചക്കരക്കണ്ടി പെട്ടിപീടികയ്ക്കു സമീപം എത്തിയ കൊലയാളി സംഘം അസ്ലം സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ കൊലയാളി സംഘത്തിനു വാഹനം വാടകയ്ക്കെടുത്തു നല്കിയ വളയം സ്വദേശി നിധിന് എന്ന കുട്ടു, പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കാസര്‍കോട് ഹോസ്ദുര്‍ഗിലെ സി.പി.എം ബ്രാഞ്ചു സെക്രട്ടറി അനില്‍ ബംഗളത്ത്, കപ്പോളയാക്കി സംഘത്തിന് വഴികാട്ടിയ സംഘത്തിലെ രമേശ് എന്നിവരെയാണ് നേരത്തെ അറസ്റ്റുചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."