സുവർണ ക്ഷേത്രത്തിൽ ഇരുമ്പ് വടിയുമായി ആക്രമണം; അഞ്ച് പേർക്ക് പരുക്ക്, ഹരിയാന സ്വദേശി പിടിയിൽ
ന്യൂഡൽഹി: അമൃത്സറിലെ സുവർണ്ണ ക്ഷേത്ര സമുച്ചയത്തിൽ ഒരാൾ ഇരുമ്പ് വടി കൊണ്ട് നടത്തിയ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റതായി പൊലിസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
വിശ്വാസികളും നാട്ടുകാരും സന്നിഹിതരായിരുന്ന ഗുരു രാം ദാസ് ലങ്കാർ അഥവാ കമ്മ്യൂണിറ്റി അടുക്കളക്ക് സമീപമായിരുന്നു ആക്രമണം. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയുടെ (എസ്‌ജിപിസി) രണ്ട് വോളൻ്റിയർമാരും പരുക്കേറ്റവരിൽ ഉൾപ്പെടുന്നു. പരുക്കേറ്റവരിൽ ഒരാളെ അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ പ്രവേശിപ്പിച്ചതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. അക്രമിയെയും കൂട്ടാളിയെയും ക്ഷേത്ര സമുച്ചയത്തിനുള്ളിൽ ഉണ്ടായിരുന്ന ആളുകൾ കീഴടക്കി പൊലിസിൽ ഏൽപിച്ചു.
ഹരിയാന സ്വദേശിയായ സുൽഫാൻ ആണ് പ്രതിയെന്നും സംഭവത്തിൽ അയാൾക്കും പരുക്കേറ്റിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും പരിഭ്രാന്തരാകരുതെന്നും പൊലിസ് ജനങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം, ഈ സംഭവം ഭക്തരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിൽ സുവർണ്ണ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ വെച്ച് ശിരോമണി അകാലിദൾ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ ഒരാൾ വെടിയുതിർത്തിരുന്നു. പിന്നീട് തിരിച്ചറിഞ്ഞ നാരായൺ സിംഗ് ചൗര എന്ന അക്രമിയെ ഒരു അംഗരക്ഷകൻ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
A shocking incident occurred at the Golden Temple where an individual attacked devotees with an iron rod, injuring five people before being taken into custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."