പിടി തരാതെ കുതിക്കുന്ന സ്വര്‍ണ വില; വാങ്ങാനാളില്ല, ഇന്നോളം കാണാത്ത ഡിസ്‌കൗണ്ട് ഓഫറുമായി ജ്വല്ലറികള്‍
സ്വര്‍ണവിലയില്‍ റെക്കോര്‍ഡുകള്‍ക്ക് മേല്‍ റെക്കോര്‍ഡുകള്‍ ഇട്ട മാസമാണ് കടന്നു പോയത്. പോയിപ്പോയി 66,000ത്തില്‍ തൊട്ടു സ്വര്‍ണം പവന് വില. എന്നാല്‍ വിലയുടെ കുത്തനെയുള്ള കയറ്റം പക്ഷേ വ്യാപാരികള്‍ക്ക് ഒരളവോളം തിരിച്ചടിയായെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നസീസണ്‍ ആയിട്ട് പോലും സ്വര്‍ണത്തിന് ഡിമാന്‍ഡ് കുറഞ്ഞെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ നല്ല വിപണനം നടന്നിടങ്ങളില്‍ പോലും ഉപഭോക്താക്കള്‍ വിട്ടു നില്‍ക്കുന്ന കാഴ്ചയാണ് ഇക്കഴിഞ്ഞ ആഴ്ച കാണാന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് ഏതാണ്ട് എല്ലായിടത്തും ഇതേ അവസ്ഥയാണ് അനുഭവപ്പെടുന്നതെന്ന് ചെന്നൈ ആസ്ഥാനമായുള്ള ഒരു ബുള്ളിയന്‍ ഡീലര്‍ പറയുന്നു.
വിലക്കയറ്റം കാരണം ഡിമാന്‍ഡ് വലിയ തോതില്‍ കുറഞ്ഞു എന്നും ചെന്നൈയിലെ ഡീലര്‍ പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ആഭ്യന്തര സ്വര്‍ണ വില 24 കാരറ്റിന്റെ 10 ഗ്രാമിന് 89,670 എന്ന റെക്കോര്‍ഡ് നിരക്കിലാണ്. 22 കാരറ്റാവട്ടെ 10 ഗ്രാമിന് 82,200 എന്നതാണ് നിരക്ക്. സാധാരണക്കാരെ സംന്ധിച്ചിടത്തോളം ഒരു നിലക്കും എത്താന്‍ കഴിയുന്നതല്ല ഈ ഭീമന്‍ വില. അതിനാല്‍ തന്നെ വിപണിയിലേക്ക് പ്രതീക്ഷിച്ച പോലെ ആളെത്തുന്നില്ല. ഇത് നല്ല ക്ഷീണം സൃഷ്ടിക്കുന്നതായും ജ്വല്ലറി പ്രതിനിധികള്‍ പറയുന്നു.
അതിനാല്‍ ഡിസ്‌കൗണ്ട് എന്ന തുറുപ്പ് ചീട്ട് പുറത്തെടുത്തിരിക്കുകയാണ് ഡിലര്‍മാര്‍. ഈ ആഴ്ച ഇന്ത്യന്‍ ഡീലര്‍മാര്‍ ഔദ്യോഗിക ആഭ്യന്തര വിലയേക്കാള്‍ ഔണ്‍സിന് 39 ഡോളര്‍ വരെ കിഴിവ് വാഗ്ദാനം ചെയ്താണ് വില്‍പന നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 6 ശതമാനം ഇറക്കുമതിയും 3 ശതമാനം വില്‍പ്പന ലെവികളും ഉള്‍പ്പെടുന്നു.
സാമ്പത്തിക വര്‍ഷാവസാനമായിരിക്കെ ജ്വല്ലറികള്‍ ഉയര്‍ന്ന വിലയുള്ള ഇന്‍വെന്ററി നിര്‍മ്മിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് മുംബൈ ആസ്ഥാനമായുള്ള ഒരു ബുള്ളിയന്‍ ഇറക്കുമതി ബാങ്കിലെ ഒരു ഡീലര്‍ ചൂണ്ടിക്കാട്ടി.
ഫെബ്രുവരിയില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 85 ശതമാനം ഇടിഞ്ഞിരുന്നു. 20 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തുന്ന സ്ഥിതി വിശേഷമാണ് ഈ ഇടിവ് സൃഷ്ടിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താവായ ചൈനയില്‍, സ്‌പോട്ട് വിലയേക്കാള്‍ 1 ഡോളര്‍ മുതല്‍ 18 ഡോളര്‍ വരെ വിലക്കുറവിലാണ് കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണ വ്യാപാരം നടന്നത്. എന്നാല്‍ ഹോങ്കോങ്ങിലെ ഡീലര്‍മാര്‍ ഔണ്‍സിന് 2 ഡോളര്‍ മുതല്‍ 10 ഡോളര്‍ വരെ പ്രീമിയം ഈടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കിഴിവിനും പ്രീമിയത്തിനും ഇടയില്‍ ആടിയുലയുകയാണ് ചൈനയുടെ സ്വര്‍ണ വിപണിയെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് അനലിസ്റ്റ് സുകി കൂപ്പര്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നയങ്ങള്‍ കാരണം വിപണി അസ്ഥിരമാണ് എന്നും വ്യാപാരികള്‍ പറയുന്നു. താരിഫില്‍ നയം വ്യക്തമാകുന്നതുവരെ നിക്ഷേപകര്‍ മാറിനിന്നേക്കും എന്നും അവര്‍ ആശങ്കപ്പെടുന്നു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."