അവനൊരിക്കലും മെസിയെപോലെയല്ല, പക്ഷെ അവൻ അപകടകാരിയാണ്: ബാഴ്സ ഗോൾകീപ്പർ
ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാലിനെക്കുറിച്ച് സംസാരിക്കുകയാണ് ബാഴ്സലോണയുടെ ഗോൾകീപ്പർ വോയ്സീക് സ്സെസ്നി. യമാലിനെ ലയണൽ മെസിയുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ചാണ് ബാഴ്സലോണ ഗോൾ കീപ്പർ സംസാരിച്ചത്.
'മെസിയും ലാമിൻ യമാലും വ്യത്യസ്തരായ താരങ്ങളാണ്. അവരെ തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കില്ല. മെസിയെ പോലെ ലാമിൻ ഒരു സീസണിൽ 50 ഗോളുകൾ നേടുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ കളിക്കാരൻ എന്ന നിലയിൽ അദ്ദേഹം വളരെ അപകടകാരിയാണ്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സവിശേഷത എന്തെന്നാൽ കളത്തിൽ അവൻ കൃത്യമായി പാസുകൾ നൽകുന്നതാണ്" ബാഴ്സ ഗോൾകീപ്പർ ബാഴ്സ യൂണിവേഴ്സലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഈ സീസണിലെ ബാഴ്സലോണയുടെ സ്വപ്നതുല്യമായ മുന്നേറ്റത്തിന് പിന്നിൽ നിർണായകമായ പങ്കു വഹിച്ച താരമാണ് യമാൽ. ഈ സീസണിൽ ഇതിനോടകം തന്നെ 12 ഗോളുകളും 17 അസിസ്റ്റുകളും ആണ് സ്പാനിഷ് സൂപ്പർ താരം നേടിയിട്ടുള്ളത്. തന്റെ പതിനേഴാം വയസ്സിൽ തന്നെ ഫുട്ബോളിൽ അവിസ്മരണീയമായ ഒരു പിടി നേട്ടങ്ങൾ സ്വന്തമാക്കാൻ യമാലിന് സാധിച്ചിട്ടിട്ടുണ്ട്. യൂറോ കപ്പ്, കോപ ഡെൽറേ എന്നീ ടൂർണമെന്റുകളിൽ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് യമാലാണ്. 2024ലെ ബാലൺ ഡി ഓർ അവാർഡ് റാങ്കിങ്ങിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടാനും സ്പാനിഷ് യുവതാരത്തിന് സാധിച്ചിട്ടുണ്ട്.
നിലവിൽ സ്പാനിഷ് ലീഗിൽ രണ്ടാം സ്ഥാനത്താണ് ഹാൻസി ഫ്ലിക്കും സംഘവും. 26 മത്സരങ്ങളിൽ നിന്നും 18 വിജയവും മൂന്ന് സമനിലയും അഞ്ച് തോൽവിയും അടക്കം 57 പോയിന്റാണ് ബാഴ്സയുടെ അക്കൗണ്ടിലുള്ളത്. 28 മത്സരങ്ങളിൽ നിന്നും 18 വിജയവും ആറ് സമനിലയും നാല് തോൽവിയും അടക്കം 60 പോയിന്റോടെ റയലാണ് ഒന്നാം സ്ഥാനത്തുള്ളത്.
ലാ ലിഗയിൽ മാർച്ച് 17ന് അത്ലെറ്റികോ മാഡ്രിഡിനെതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ജർമൻ വമ്പൻമാരായ ഡോർട്മുണ്ടാണ് ബാഴ്സലോണയുടെ എതിരാളികൾ. ഏപ്രിൽ പത്തിനാണ് ആദ്യ പാദ മത്സരം നടക്കുന്നത്. ഏപ്രിൽ 16നാണ് മത്സരത്തിന്റെ സെക്കൻഡ് ലെഗ്ഗ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."