ലാറയുടെ വിൻഡീസിനെ തകർത്ത് സച്ചിന്റെ ഇന്ത്യക്ക് കിരീടം; ഇതിഹാസങ്ങളുടെ പോരിൽ രാജാക്കന്മാരായി ഇന്ത്യ
റായ്പൂർ: ഇന്റർനാഷണൽ മാസ്റ്റേഴ്സ് ടി-20 ലീഗ് കിരീടം സ്വന്തമാക്കി ഇന്ത്യൻ മാസ്റ്റേഴ്സ്. റായ്പൂരിൽ നടന്ന കലാശപ്പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റുകൾക്ക് തകർത്താണ് സച്ചിനും സംഘവും ചാമ്പ്യന്മാരായത്. മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ബ്രയാൻ ലാറ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് നേടിയയ്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഇന്ത്യൻ നിരയിൽ അമ്പാട്ടി റായ്ഡു അർദ്ധ സെഞ്ച്വറി മികച്ച പ്രകടനമാണ് നടത്തിയത്. 50 പന്തിൽ 74 റൺസാണ് റായ്ഡു നേടിയത്. ഒമ്പത് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റ ഇന്നിങ്സ്. സച്ചിൻ 18 പന്തിൽ 25 റൺസും സ്റ്റുവർട്ട് ബിന്നി 8 പന്തിൽ 15 റൺസും ഗുർകീരത് സിംഗ് 12 പന്തിൽ 14 റൺസും യുവരാജ് സിംഗ് 9 പന്തിൽ 11 റൺസും നേടി.
വെസ്റ്റ് ഇൻഡീസിനായി രവി രാംപോൾ അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 41 പന്തിൽ 57 റൺസാണ് രാംപോൾ നേടിയയ്. അഞ്ചു ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. ഡെയ്ൻ സ്മിത്ത് ആറ് ഫോറുകളും ഒരു സിക്‌സും അടക്കം 35 പന്തിൽ 45 റൺസും നേടി മികച്ചു നിന്നു. ഇന്ത്യക്കായി വിനയ്കുമാർ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി. നദീം രണ്ട് വിക്കറ്റും പവൻ നെഗി, സ്റ്റുവർട്ട് ബിന്നി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
സെമി ഫൈനലിൽ ഓസ്ട്രേലിയയെ 94 റൺസിന് കീഴടക്കിയായിരുന്നു ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരുന്നത്. മറുഭാഗത്ത് ശ്രീലങ്കയെ ആറ് റൺസിന് വീഴ്ത്തിയുമായിരുന്നു വിൻഡീസ് ഫൈനൽ യോഗ്യത ഉറപ്പിച്ചത്. ടൂർണമെന്റിൽ നേരത്തേ തന്നെ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. ആ മത്സരത്തിൽ ഇന്ത്യ തന്നെയാണ് വിജയിച്ചിരുന്നത്. മത്സരത്തിൽ ഏഴ് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."