കൊയിലാണ്ടി നഗരത്തെ ഗതാഗത കുരുക്കിലാഴ്ത്തി നാഗരികം ഘോഷയാത്ര
കൊയിലാണ്ടി: ഓണാഘോഷത്തോടനുബന്ധിച്ചു നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാഗരികം ഘോഷയാത്ര കൊയിലാണ്ടി നഗരത്തെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാഴ്ത്തി. പൊതുവെ ഗതാഗതക്കുരുക്കു കൊണ്ടു വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ദുരിതമുണ്ടാക്കുന്ന തരത്തിലായിരുന്നു സ്ത്രീകളെയും കുഞ്ഞുങ്ങളെയും അണിനിരത്തി നടന്ന ഘോഷയാത്ര നീങ്ങിയത്.
ചെണ്ടമേളവും ബാന്‍ഡ്‌വാദ്യവും ദഫ്മുട്ടുമൊക്കെ ഘോഷയാത്രയ്ക്കു പകിട്ടേകിയെങ്കിലും ഗതാഗതക്കുരുക്കില്‍പെട്ടു യാത്രക്കാര്‍ വാഹനങ്ങളിലിരുന്നു വിയര്‍ക്കുകയായിരുന്നു. പരിപാടിക്കെതിരേ കടുത്ത പ്രതിഷേധമാണു നാട്ടുകാര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നത്. റെയില്‍വേ മേല്‍പ്പാലത്തിലും ഇരു ബസ് സ്റ്റാന്‍ഡുകളിലും ഇരുചക്ര വാഹനങ്ങളടക്കം നൂറുകണക്കിനു വാഹനങ്ങളാണു മുന്നോട്ടുനീങ്ങാന്‍ കഴിയാതെ കുരുക്കില്‍പ്പെട്ടത്. കാല്‍നടയാത്രക്കാര്‍ക്കു പോലും ഘോഷയാത്ര ദുരിതമായി.
ദേശീയപാതയിലും ദീര്‍ഘദൂര യാത്രക്കാര്‍ വലഞ്ഞു. കൊല്ലം ടൗണ്‍ മുതല്‍ ആര്‍.ടി ഓഫിസ് വരെ നാലുവരിയിലായാണു വാഹനങ്ങള്‍ ദേശീയപാതയില്‍ കുരുങ്ങിക്കിടന്നത്. അരിക്കുളം, ഉള്ള്യേരി ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ വാഹനങ്ങള്‍ കിട്ടാതെ നട്ടംതിരിയുകയായിരുന്നു. നഗരം മുന്‍പൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഗതാഗത സ്തംഭനം നിയന്ത്രിക്കാനാകാതെ ട്രാഫിക് പൊലിസും നിസഹായരായി. വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ അംഗങ്ങളായ സ്ത്രീകള്‍ക്കു ബന്ധപ്പെട്ട മേഖലകളില്‍ തൊഴില്‍ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ നഗരസഭ ആവിഷ്‌കരിക്കുന്ന ഇത്തരം പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുത്തിരിക്കണമെന്ന പാര്‍ടി നിര്‍ദേശം കൂടിയായതോടെയാണു ഘോഷയാത്രയില്‍ സ്ത്രീകളടക്കമുള്ള വന്‍ ജനപങ്കാളിത്തമുണ്ടാകാനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."