ദമാം കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം മുഖ്യമന്ത്രിയെ കാണും
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരണമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്ന് സൗദിയിലെ ദമാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിങ്കളാഴ്ച്ച തിരുവനന്തപുരത്തായിരിക്കും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. ഒരു വര്‍ഷം മുന്‍പാണ് കരിപ്പൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന സഊദിയുടെ കിഴക്കന്‍ പ്രവിശ്യയിലുള്ള പ്രവാസികള്‍ സംഘടിച്ച് ഫോറം രൂപീകരിച്ചത്. കരിപ്പൂര്‍ വിമാനത്തവളത്തോട് തുടരുന്ന അവഗണനക്കെതിരേ നിരവധി പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ നാട്ടിലും പ്രവാസ ലോകത്തുമായി സംഘടിപ്പിക്കാന്‍ ഇതിനകം ഫോറത്തിന് സാധിച്ചിട്ടുണ്ട്. ഫോറം പ്രതിനിധികള്‍ ഡല്‍ഹിയിലെത്തി ഡയരക്ടര്‍ ഓഫ് ജനറല്‍ സിവില്‍ ഏവിയേഷന് കരിപ്പൂര്‍ വിമാനത്താവളം നേരിടുന്ന നിരവധി വിഷയങ്ങള്‍ ചൂണ്ടികാണിച്ച് പരാതി നല്‍കിയിരുന്നു.
കരിപ്പൂരില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ ലാഗേജുകളില്‍ നിന്നും സാധനങ്ങള്‍ മോഷണം പോവുന്നത് പതിവാണ്. ഹജ്ജ് ക്യാംപ് കരിപ്പൂരിലേക്ക് തിരിച്ച് കൊണ്ടുവരണം.
മലബാറിന്റെ വികസനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കരിപ്പൂര്‍ വിമാനത്താവള അവഗണനക്കെതിരേ ഫോറം സമാനമനസ്‌കരായ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും യൂസേഴ്‌സ് ഫോറം ഭാരവാഹികള്‍ വ്യക്തമാക്കി. ചെയര്‍മാന്‍ അഹ്മദ് പുളിക്കല്‍, ജനറല്‍ കണ്‍വീനര്‍ ടി.പി.എം. ഫസല്‍, വൈസ് ചെയര്‍മാന്‍ ആലിക്കുട്ടി ഒളവട്ടൂര്‍, മീഡിയ കോര്‍ഡിനേറ്റര്‍ മുജീബ് കളത്തില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."