ട്രംപിന്റെ പകരച്ചുങ്കം ഇന്നുമുതല്‍
വൈറ്റ്ഹൗസ്: യു.എസിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചുമത്തിയ ഇറക്കുമതി തീരുവ വലിയ തോതില്‍ വെട്ടിക്കുറയ്ക്കുകയോ എടുത്തുകളയുകയോ ചെയ്യുന്നില്ലെങ്കില്‍ അവരുടെ ഉല്‍പന്നങ്ങള്‍ക്ക് 20 മുതല്‍ 50 ശതമാനം വരെ പകരം നികുതി ഏര്‍പ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശ തീരുവ നയം നടപ്പാവുക ഇന്നുമുതല്‍. ആഗോള ഓഹരി വിപണിയെയും വിവിധ രാജ്യങ്ങളിലെ വ്യവസായങ്ങളെയും വലിയ തോതില്‍ ബാധിക്കുന്ന നികുതിയെ ആശങ്കയോടെയാണ് വാണിജ്യലോകം നോക്കിക്കാണുന്നത്.
ചൈന, ഇന്ത്യ, മെക്സിക്കോ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കുന്ന തീരുവയുദ്ധത്തില്‍ നിന്ന് ട്രംപ് പിന്നോട്ടുപോകാത്തപക്ഷം കടുത്ത സാമ്പത്തിക യുദ്ധത്തിന് ഇത് തുടക്കമിടും. 20 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുന്നതോടെ ലക്ഷക്കണക്കിനു കോടി ഡോളര്‍ അമേരിക്കയുടെ ഖജനാവിലേക്ക് എത്തുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. പുതിയ നികുതി നിലവില്‍വരുന്ന ദിനമായ ഏപ്രില്‍ രണ്ട് അമേരിക്കയുടെ വിമോചന ദിനമായിരിക്കുമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് ട്രംപിന്റെ പകരച്ചുങ്കം നിലവില്‍വരുക. ഇന്ത്യ ഗണ്യമായ രീതിയില്‍ യു.എസ് ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ കുറയ്ക്കുമെന്ന് കേട്ടതായും മറ്റു പല രാജ്യങ്ങളും കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം ഇന്ത്യ ഇതിന് സന്നദ്ധമായാല്‍ രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തില്‍ കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഓഹരി വിപണിയെയും ഇത് സാരമായി ബാധിക്കും.
തീരുവ യുദ്ധത്തിനെതിരേ ഒന്നിച്ചുനീങ്ങാന്‍ ചൈനയും ജപ്പാനും
ബെയ്ജിങ്: വിദേശ ഉല്‍പന്നങ്ങള്‍ക്ക് പകരം നികുതി ഏര്‍പ്പെടുത്തുന്ന യു.എസ് നയത്തിനെതിരേ യോജിച്ച മുന്നേറ്റത്തിന് ലോകരാജ്യങ്ങള്‍. ചൈനയുമായി ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇത്രകാലവും യു.എസ് ചേരിയിലുണ്ടായിരുന്ന ജപ്പാനും ദക്ഷിണ കൊറിയയും തയാറായിക്കഴിഞ്ഞു. ഈ രാജ്യങ്ങള്‍ക്കിടയില്‍ ഇനി തുറന്ന വ്യാപാരമായിരിക്കും ഉണ്ടാവുക. ധാരണ പ്രകാരം ചൈനയില്‍ നിന്ന് സെമി കണ്ടക്ടര്‍ അസംസ്‌കൃത വസ്തുക്കള്‍ ജപ്പാനും ദ. കൊറിയയും ഇറക്കുമതി ചെയ്യും. പകരം ഈ രാജ്യങ്ങളില്‍ നിന്ന് ചിപ്പുകള്‍ ചൈന ഇറക്കുമതി ചെയ്യും.
ചൈനയുമായി സംഘര്‍ഷാവസ്ഥയിലായിരുന്ന രാജ്യമാണ് ജപ്പാന്‍. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവയാണ് ഇന്നു മുതല്‍ യു.എസ് ഈടാക്കുക. ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 20 ശതമാനം നികുതിയും ചുമത്തും. ജപ്പാനില്‍ നിന്നുള്ള ഓട്ടോമൊബൈല്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ വരും. ജപ്പാന്റെ ഈയിനത്തിലെ കയറ്റുമതിയുടെ 28 ശതമാനവും നിലവില്‍ യു.എസിലേക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."