വഖഫ് ബില്‍ ഭരണഘടനാ വിരുദ്ധം; എല്ലാ അധികാരങ്ങളും സര്‍ക്കാറില്‍ നിക്ഷിപ്തമാക്കാനാണ് നീക്കം- ഇ.ടി മുഹമ്മദ് ബഷീര്‍
ന്യൂഡല്‍ഹി: വഖഫ് ബില്ലില്‍ ശക്തമായ എതിര്‍പ്പ് വ്യക്തമാക്കി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ പല വകുപ്പുകള്‍ക്കും എതിരാണ് കേന്ദ്രം അവതരിപ്പിക്കാനൊരുങ്ങുന്ന വഖഫ് ബില്‍. എല്ലാ അധികാരങ്ങളും സര്‍ക്കാറില്‍ നിക്ഷിപ്തമാക്കാനാണ് നീക്കം. നിയമം നടപ്പിലാക്കിയാല്‍ വഖഫ് ബോര്‍ഡ് നോക്കുകുത്തിയാവും- അദ്ദേഹം ചൂണ്ടിക്കാട്ടി.
ജെ.പി.സിയില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ മാനിച്ചില്ലെന്ന് പറഞ്ഞ അദ്ദേഹം പാര്‍ലമെന്റില്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും വ്യക്തമാക്കി.
വഖ്ഫ് സ്വത്തുക്കള്‍ സര്‍ക്കാരിനു കൈയടക്കാന്‍ സഹായിക്കുന്ന വിവാദ വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടന്നുവരുന്നതിനിടെ ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി)യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭേദഗതി വരുത്തിയ ബില്ലാണ് അവതരിപ്പിക്കുക. ബില്ലില്‍ എട്ടുമണിക്കൂര്‍ ചര്‍ച്ച നടക്കും. സമയം നീട്ടാന്‍ സ്പീക്കര്‍ ഓംബിര്‍ലയ്ക്ക് സാധിക്കും. ലോക്സഭയില്‍ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരിക്കും ബില്‍ അവതരിപ്പിക്കുക.
ബില്ലിനെ എതിര്‍ക്കാന്‍ ഇന്‍ഡ്യാ സഖ്യം തീരുമാനിച്ചിട്ടുണ്ട്. ബില്ലിനെ ശക്തമായി എതിര്‍ക്കാനും പാസാക്കിയാല്‍ സുപ്രിംകോടതിയില്‍ ചോദ്യംചെയ്യാനും മുസ്്ലിം ലീഗും തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നുണ്ടെങ്കിലും അതില്‍ പങ്കെടുക്കാതെ എം.പിമാര്‍ സഭയില്‍ ഹാജരാകുകയും ബില്ലിനെ എതിര്‍ക്കുകയും ചെയ്യുമെന്ന് സി.പി.എമ്മും അറിയിച്ചു.
കഴിഞ്ഞ ആഗസ്റ്റിലാണ് ബില്‍ ലോക്സഭയില്‍ ആദ്യം അവതരിപ്പിച്ചത്. തുടര്‍ന്ന് ജെ.പി.സിക്കു വിട്ടു. സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ തള്ളി ഭരണപക്ഷം ബില്ലില്‍ മാറ്റങ്ങള്‍ വരുത്തി. ഈ ബില്ലാണ് വീണ്ടും ഇന്ന് അവതരിപ്പിക്കുന്നത്. സഭാ സമ്മേളനം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ബില്‍ ലോക്സഭയിലെത്തുന്നത്. ഇതോടെ സഭ പ്രക്ഷുബ്ദമാകുമെന്നുറപ്പാണ്. ബില്‍ പാസാക്കാന്‍ ആവശ്യമെങ്കില്‍ സമ്മേളന കാലാവധി നീട്ടുമെന്ന് ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചിട്ടുണ്ട്.
ബില്‍ ഏതുവിധേനയും ഈ സമ്മേളനത്തില്‍ത്തന്നെ ഇരുസഭകളിലും പാസാക്കിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ സഭാ സമ്മേളനം നീട്ടുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല.
വഖ്ഫ് ബില്‍ വരുന്നതിനാല്‍ അടുത്ത മൂന്നു ദിവസത്തേക്ക് സഭാനടപടികളില്‍ പൂര്‍ണമായും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. സുപ്രധാന ബില്ലുകള്‍ പരിഗണനയ്ക്ക് വരുന്നതിനാല്‍ ഈ മാസം രണ്ട്, മൂന്ന്, നാല് തീയതികളില്‍ എല്ലാ അംഗങ്ങളും ലോക്സഭാ സമ്മേളനത്തില്‍ മുടക്കം കൂടാതെ പങ്കെടുക്കണമെന്നാണ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വിപ്പ് നല്‍കിയിരിക്കുന്നത്.
വഖ്ഫ് ബില്‍ ഇന്ന് സഭയിലെത്തുമ്പോള്‍ എന്‍.ഡി.എ ഘടകകക്ഷികളായ തെലുഗുദേശം പാര്‍ട്ടിയും (ടി.ഡി.പി) ജനതാദള്‍ യുനൈറ്റഡും എടുക്കുന്ന നിലപാടിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. മുസ്‌ലിം വോട്ടുകള്‍ സംസ്ഥാനങ്ങളില്‍ ഇരുപാര്‍ട്ടികളുടെയും അടിത്തറയുടെ ഭാഗമാണ്. മുസ്‌ലിം സംഘടനകള്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുന്നതിനാല്‍ ഈ പാര്‍ട്ടികള്‍ വഖ്ഫ് ബില്ലിനെ പിന്തുണയ്ക്കുമോയെന്നതാണ് രാജ്യം നോക്കുന്നത്. രണ്ടു പാര്‍ട്ടികളുടെയും പിന്തുണയില്ലാതെ ബില്‍ പാസാകില്ല. ബില്‍ മുസ്‌ലിം കള്‍ക്ക് അനുകൂലമാണെന്ന് സഭയില്‍ വാദിക്കാനായിരിക്കും ഇരുപാര്‍ട്ടികളും ശ്രമിക്കുക.
ബിഹാറില്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ജെ.ഡി.യു എന്തു നിലപാടെടുക്കുമെന്ന വിഷയത്തിലും ചര്‍ച്ചകളുണ്ട്. ചന്ദ്രബാബു നായിഡു മുസ്‌ലിംകള്‍ക്ക് അനുകൂല നിലപാടുള്ളയാളാണെന്നും അതോടൊപ്പം ബില്ലിനെ പിന്തുണയ്ക്കുമെന്നുമാണ് ടി.ഡി.പി വക്താവ് പ്രേംകുമാര്‍ ജെയ്ന്‍ പ്രതികരിച്ചത്. ബില്‍ മുസ്്ലിംകളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമാണെന്നൊരു വ്യാഖ്യാനവും ജെയ്ന്‍ നടത്തിയിട്ടുണ്ട്.
സമാനമായ പ്രഖ്യാപനം ജെ.ഡി.യുവും നടത്തിയിട്ടുണ്ട്. 19 വര്‍ഷമായി ബിഹാറില്‍ പ്രവര്‍ത്തിക്കുന്ന നിതീഷ് കുമാര്‍ ഈ കാലയളവില്‍, മുസ്ലിംകള്‍ക്കു വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ വ്യക്തമാണെന്നാണ് പാര്‍ട്ടി എം.പി സഞ്ജയ് ഝായുടെ പ്രഖ്യാപനം.
മുന്‍കാല പ്രാബല്യത്തോടെ നിയമം നടപ്പാക്കരുതെന്ന് ഞങ്ങളുടെ പാര്‍ട്ടി പറഞ്ഞിരുന്നു. സര്‍ക്കാര്‍ അത് പരിഗണിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിതീഷ് കുമാര്‍ രാഷ്ട്രീയത്തിലിരിക്കുന്നിടത്തോളം കാലം, ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടും. മുസ്‌ലിംകളുടെ പ്രതിനിധി സംഘം നിതീഷ് കുമാറിനെ കണ്ട് വഖ്ഫ് ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്കകള്‍ പാര്‍ലമെന്ററി സമിതിയില്‍ ഉന്നയിക്കാന്‍ നിതീഷ് കുമാര്‍ പാര്‍ട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നുവെന്നും ജെ.ഡി.യു നേതാവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."