'ഈ ബെല്‍ മുഴങ്ങിയത് മുസ്‌ലിംകള്‍ക്ക് മാത്രമല്ല, ക്രിസ്ത്യാനികള്‍ക്ക് കൂടിയാണ്' അവരത് മനസ്സിലാക്കിയെങ്കില്‍- കിരണ്‍ റിജിജുവിന് തുറന്ന കത്തുമായി എ.ജെ ഫിലിപ്
ആദ്യമായി, 'ഉമീദ്' എന്ന് പുതുതായി നാമകരണം ചെയ്യപ്പെട്ട വഖഫ് ബില്ലിന് വിജയകരമായി ചുക്കാന്‍ പിടച്ച താങ്കളെ ഞാന്‍ അഭിനന്ദിക്കട്ടെ. പ്രത്യാശ, പ്രതീക്ഷ എന്നൊക്കെയാണ് 'ഉമീദ്' എന്ന വാക്കിന് ഹിന്ദിയിലും ഉര്‍ദുവിലും അര്‍ത്ഥം വരുന്നത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു വൈകാതെ ബില്ലില്‍ ഒപ്പുവെക്കുമെന്നും പിന്നാലെ അത് രാജ്യത്തെ നിയമമാകുമെന്നും എനിക്കുറപ്പാണ്. ഈ പശ്ചാത്തലത്തില്‍, കര്‍ഷകരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് മോദി സര്‍ക്കാറിന് കാര്‍ഷിക നിയമം പിന്‍വലിക്കേണ്ടി വന്നത് ഞാനോര്‍ക്കുകയാണ്.
നിങ്ങള്‍ ഒരു ന്യൂനപക്ഷ സമുദായത്തില്‍ പെട്ടയാളാണെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ എന്തെങ്കിലും ഒരു വിവേചനം ഇവിടെ ഉള്ളതായി താങ്കള്‍ക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും താങ്കള്‍ ലോക്‌സഭയില്‍ ഉറപ്പിച്ചു പറഞ്ഞിരുന്നല്ലോ. അത് എനിക്ക് ഇഷ്ടപ്പെട്ടു. എന്നാല്‍ ന്യൂനപക്ഷ കാര്യ ചുമതലയുള്ള മന്ത്രിയും കൂടിയായ താങ്കള്‍ക്ക് ഇവിടെ അത്തരമൊരു വിവേചനം ഇല്ലെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുമോ?
നിങ്ങള്‍ ഒരു ബുദ്ധമതക്കാരനായതിനാല്‍, ഡല്‍ഹിയില്‍ കാണുന്നത് പോലെ നിരവധി പീസ് പഗോഡകള്‍( ബുദ്ധ സ്തൂപം: സമാധാനത്തിന് പ്രചോദനം നല്‍കുന്ന ഒരു സ്മാരകം) ബുദ്ധമതക്കാര്‍ നിര്‍മിച്ചിട്ടുണ്ടെന്ന് ബുദ്ധമതവിശ്വാസിയായ നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ.
മറ്റിടങ്ങളിലും ഉള്ളതുപോലുള്ള മഹത്തായ സമാധാന പഗോഡകള്‍ ബുദ്ധമതക്കാര്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയേണ്ടതില്ലല്ലോ. ലഡാക്കിലെ ലേ, പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ്, നേപ്പാളിലെ കാഠ്മണ്ഡു തുടങ്ങിയ ഇടങ്ങളിലെല്ലാമുള്ള ഈ നിര്‍മിതി വാസ്തുവിദ്യയിലെ അദ്ഭുതങ്ങളാണ്. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഞാന്‍ അവ ഒരിക്കലും നഷ്ടപ്പെടുത്താറില്ല.
സിദ്ധാര്‍ഥ ഗൗതമബുദ്ധന്റെ ജന്മഭൂമിയായ നേപാളിലെ ലുംബിനിയല്ല ബുദ്ധമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും മഹത്തായ തീര്‍ഥാടമ കേന്ദേരം എന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ എന്നോട് തര്‍ക്കിക്കില്ലെന്നാണ് എന്‌റെ വിശ്വാസം. ബോധി മരച്ചോട്ടില്‍ ഗൗതമ ബുദ്ധന്‍ നിര്‍വാണം നേടിയ ബോധ് ഗയയിലെ മഹാബോധി വിഹാരമാണ് അവര്‍ക്ക് എറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രം. നിരവധി തവണ ഞാന്‍ ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്.
എണ്‍പതുകളില്‍ മഹാബോധി വിഹാരത്തെ കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സണ്‍ഡേ മാഗസിനില്‍ ഞാന്‍ ഒരു കവര്‍ സ്റ്റോറി ചെയ്തിരുന്നു. ക്ഷേത്രത്തിന്റെ അധികാരം തങ്ങള്‍ക്കു വേണമെന്ന കാലങ്ങളായുള്ള ബുദ്ധരുടെ ആവശ്യമായിരുന്നു ലേഖനത്തില്‍ ഊന്നിപ്പറഞ്ഞ വിഷയം. ഹിന്ദു ബ്രാഹ്‌മണര്‍ അവിടെ പൂജ നടത്തുന്നതിലും വിഹാരത്തിന്റെ ഭരണപരമായ കാര്യങ്ങള്‍ ഹിന്ദുക്കള്‍ നിയന്ത്രിക്കുന്നതിലും അവര്‍ക്ക് ശക്തമായ നീരസമുണ്ടായിരുന്നു. മാധ്യമ ശ്രദ്ധ നേടുന്നില്ലെങ്കിലും ക്ഷേത്രത്തിന്റെ നിയന്ത്രണത്തിനായുള്ള തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുകയാണ്. ബുദ്ധമതവിശ്വാസിയും ന്യുനപക്ഷ കാര്യ ചുമതലയുള്ള മന്ത്രിയുമെന്ന നിലക്ക് ബുദ്ധരല്ലാത്തവര്‍ അധാര്‍മികമായി കൈവശം വെക്കുന്ന മഹാബോധി വിഹാരത്തെ മോചിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ അത് രാജ്യത്തോട് ചെയ്യുന്ന വലിയ സേവനമാകും. അതിനു പകരം, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വഖഫ് ബോര്‍ഡുകളില്‍ മുസ്‌ലിം ഇതരര്‍ക്ക് നിയന്ത്രണമില്ലെങ്കില്‍ പങ്കാളിത്തമെങ്കിലും വേണമെന്ന് ആവശ്യവുമായി മുന്നോട്ട് പോവുകയാണ് താങ്കള്‍.
അഹിന്ദുക്കളായ എല്ലാ ജീവനക്കാരെയും പിരിച്ചുവിടാന്‍ തിരുപ്പതി ക്ഷേത്ര അധികൃതര്‍ എടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ വേണം നിങ്ങള്‍ ഇതിനെ കാണാന്‍. തിരുപ്പതി ക്ഷേത്രം ഹിന്ദുക്കളുടെതാണെന്നും അവിടെ ഹിന്ദുക്കള്‍ മാത്രമേ തൊഴിലെടുക്കാവൂ എന്നുമായിരുന്നു ക്ഷേത്രഭാരവാഹികളുടെ വാദം. തിരുപ്പതിയില്‍ അഹിന്ദുക്കളെ പറഞ്ഞവിട്ടതിനെതിരെ താങ്കള്‍ വല്ല നടപടിയും എടുത്തിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.
എന്റെ ജന്മനാടായ കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു തീര്‍ഥാടന കേന്ദ്രം ശബരിമലയാണ്. ദേവസ്വം ബോര്‍ഡ് ആണ് അത് നിയന്ത്രിക്കുന്നത്. ബോര്‍ഡിലെ വിവിധ പോസ്റ്റുകളില്‍ എം.എല്‍.എമാര്‍ക്ക് വോട്ടുചെയ്യാം. എന്നാല്‍ ഹിന്ദു എം.എല്‍.എമാര്‍ക്ക് മാത്രമാണ് വോട്ടിങ്ങില്‍ പങ്കെടുക്കാനാകുക. ഒരു ട്രസ്റ്റിന് കീഴിലാണ് ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്. ട്രസ്റ്റിന്റെ ചെയര്‍മാന്‍ ലഫ്. ഗവര്‍ണറായിരിക്കും. എന്നാല്‍ ഗവര്‍ണറായി അഹിന്ദു നിയമിതനാവുകയാണെങ്കില്‍ ട്രസ്റ്റിന് ഹിന്ദുവായ ചെയര്‍മാനെ വേറെ നിയമിക്കണം.
ഒരിക്കല്‍, ജനറല്‍ എസ്.കെ. സിന്‍ഹ ഗവര്‍ണറായിരുന്നപ്പോള്‍, അമര്‍നാഥ് ഗുഹയില്‍ ഒരു ഹിമലിംഗം രൂപപ്പെട്ടില്ല. പിന്നാലെ ജമ്മുവില്‍ നിന്നടക്കെ ടണ്‍ കണക്കിന് മഞ്ഞ് ശേഖരിച്ച് ഒരു ഹിമലിംഗം അദ്ദേഹം നിര്‍മിച്ചു. ഒരു പ്രസ് ഫോട്ടോഗ്രാഫര്‍ ഹിമലിംഗത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.സങ്കടകരമെന്നു പറയട്ടെ, അതില്‍ അത് നിര്‍മ്മിച്ച തൊഴിലാളികളുടെ കൈകളുടെ അഴുക്കുപുരണ്ട വിരല്‍ പാടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിന്‍ഹ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഈയാഴ്ച ആദ്യത്തില്‍, രത്തന്‍ ടാറ്റയുടെ 10,000 കോടി രൂപ മൂല്യമുള്ള ഒസ്യത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നിരുു. അതിലേറെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് നീക്കിവെച്ചിരിക്കുന്നത്. അതിലെ ഒരു പ്രത്യേക ക്ലോസ് ആണ് എന്നെ ആകര്‍ഷിച്ചത് തന്റെ ഇഷ്ട നായ ടിറ്റോക്കും മറ്റു വളര്‍ത്തുപട്ടികള്‍ക്കും 12 ലക്ഷത്തിന്റെ ഫണ്ട് അദ്ദേഹം നീക്കിവെച്ചിട്ടുണ്ട്. അവയെ പരിപാലിക്കാനായി ആ തുക ഉപയോഗിക്കണം. ഓരോ പാദത്തിലും സ്വന്തം പരിചരണത്തിനായി ഓരോ മൃഗത്തിനും 30,000 രൂപ വീതം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. തന്റെ മരണശേഷം ടിറ്റോവിന്റെ പരിചരണം പാചകക്കാരന്‍ രാജന്‍ ഷാക്കാകുമെന്നും അത് വ്യക്തമാക്കുന്നു. പണം ടാറ്റ നിര്‍ദേശിച്ച പ്രകാരം തന്നെ ചെലവിടുന്നുവെന്ന് ഉറപ്പാക്കാന്‍ ഒസ്യത്ത് നടപ്പാക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്.
ഏഴാം നൂറ്റാണ്ടില്‍, പില്‍ക്കാലത്ത് ഖലീഫയായി മാറിയ ഉമര്‍ എന്ന് വിളിക്കുന്ന ഉമര്‍ ബ്‌നുല്‍ ഖത്താബിന് ഖൈബര്‍ തീരത്ത് സ്വന്തം ഉടമസ്ഥതയില്‍ ഭൂമിയുണ്ടായിരുന്നു. ഭൂമി എന്തു ചെയ്യണമെന്നറിയാന്‍ അദ്ദേഹം പ്രവാചകനെ സമീപിച്ചു. അത് അല്ലാഹുവിന് സമര്‍പ്പിക്കാനായിരുന്നു പ്രവാചകന്റെ ഉപദേശം. സ്വാഭാവികമായും അങ്ങനെ സമര്‍പ്പിക്കപ്പെടുന്നതോടെ ഭൂമിക്കു മേലുള്ള എല്ലാ അവകാശവും അദ്ദേഹത്തിന് നഷ്ടമാകും. മതപരമായ ആവശ്യങ്ങള്‍ക്കോ ചാരിറ്റി ലക്ഷ്യങ്ങള്‍ക്കോ മാത്രമേ പിന്നീട് അത് ഉപയോഗപ്പെടുത്താനാകൂ. അത് നടപ്പാക്കേണ്ടവന്‍ മുതവല്ലിയുമാണ്. ഈ വിവരത്തിന് മാധ്യമം ദിനപത്രത്തില്‍ അഡ്വ. ടി. ആസഫലി എഴുതിയ ലേഖനത്തോടാണ് കടപ്പാട്.
പ്രവാചകനെതിരെ പോരാട്ടം നയിച്ച് പരാജയപ്പെട്ട ഒരു ജൂതനും തന്റെ സ്വത്ത് സമാന ആവശ്യങ്ങള്‍ക്കായി വസ്വിയത്ത് ചെയ്തിട്ടുണ്ട്. വഖഫിനെ നിയന്ത്രിക്കുന്ന എല്ലാ നിയമങ്ങളും ചട്ടങ്ങളും ഈ മാതൃകയാണ് പിന്തുടരുന്നത്. വഖഫ് സ്വത്ത് ലഭത്തിനായി വില്പന നടത്തില്ലെന്ന് ഈ നിയമം ഉറപ്പു വരുത്തുന്നു. മതപരമായോ ചാരിറ്റി ലക്ഷ്യങ്ങള്‍ക്കോ മാത്രമേ ഇത് ഉപയോഗിക്കാവൂ.
'ഉമീദ്' പ്രകാരം മുസ്‌ലിമായി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ഒരാള്‍ക്കേ തന്റെ സ്വത്ത് വഖഫ് ആയി നീക്കിവെക്കാന്‍പറ്റൂ. അഞ്ചു വര്‍ഷം അയാള്‍ മുസ്‌ലിമായി തുടര്‍ന്നോ ഇല്ലയോ എന്ന് എങ്ങനെയാണ് നിങ്ങള്‍ തീരുമാനിക്കുക എന്നാണ് നിങ്ങള്‍ ബില്ലിനെ കുറിച്ച് പഠിച്ച ഒരാള്‍ എന്ന നിലക്ക് എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത്.
തന്റെ പ്രാര്‍ഥന അല്ലാഹുവിന് മാത്രമാക്കുകയും മുഹമ്മദ് അന്ത്യപ്രവാചകനെന്ന് വിശ്വസിക്കുകയും ചെയ്യുമ്പോഴാണ് ഒരാള്‍ മുസ്‌ലിമാവുന്നത്.
ഇസ്‌ലാമിന്റെ അഞ്ച് തൂണുകളായ വിശ്വാസ സാക്ഷ്യം (ശഹാദ), നമസ്‌കാരം (സ്വലാത്), നിര്‍ബന്ധ ദാനം (സകാത്ത്), റമദാന്‍ മാസത്തിലെ വ്രതം (സൗം), ജീവിതത്തില്‍ ഒരിക്കലെങ്കിലും മക്കയിലേക്കുള്ള തീര്‍ഥാടനം (ഹജ്) എന്നിവ പരിഗണിച്ചാണ് അവന്റെ മതപരമായ അനുഷ്ഠാനങ്ങള്‍ അളക്കുന്നത്.
ആര്‍ക്കും ഒരു ക്രിസ്ത്യനാകാം. അവന്റെ വിശ്വാസത്തിന്റെ കാലപ്പഴക്കം ദൈവത്തിന് വിഷയമല്ല. അതിനാലാണ് കുരിശിലേറിയ കള്ളന് മോക്ഷം ലഭിച്ചത്. അവന്‍ യേശുവിനെ ദൈവപുത്രനായി വിശ്വസിച്ചവനായിരുന്നു. തന്റെ മതപരിവര്‍ത്തനത്തിനു ശേഷം ഒരു നാള്‍ പോലും അദ്ദേഹം ജീവിച്ചിരുന്നില്ല. വിഷയം ഇങ്ങനെയായിരിക്കെ ഏതടിസ്ഥാനത്തിലാണ് ഒരു മുസ്‌ലിം അഞ്ചു വര്‍ഷം മതം അനുഷ്ഠിച്ചവനാകണമെന്ന് നിങ്ങള്‍ പറയുക
കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി.യിരുന്നു. ഡോ. ബി.ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ ബുദ്ധമതം സ്വീകരിച്ച സ്ഥലമായ ദീക്ഷ ഭൂമിയും മോദി സന്ദര്‍ശിച്ചു. ഒരു സലത്തുവെച്ച് ഇങ്ങനെ കൂട്ടമായ മതം മാറ്റം ചരിത്രത്തില്‍ ആദ്യത്തെയായിരുന്നു. അവര്‍ ദീക്ഷ സ്വീകരിച്ചു, ബുദ്ധരായി.
അംബേദ്കര്‍ എന്തിന് മതം മാറാന്‍ നാഗ്പൂര്‍ തെരഞ്ഞെടുത്തുവെന്ന് അറിയാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. നാഗ് പുഴയോരത്ത് നാഗര്‍ താമസിച്ച നാടാണ് നാഗ്പൂര്‍. അധിനിവേശം നടത്തിയ ആര്യന്മാര്‍ക്കെതിരെ ഘോരഘോരം പട നയിച്ചവരാണ് നാഗര്‍. അരുണാചല്‍ പ്രദേശടക്കം രാജ്യത്തിന്റെ അതിവിദൂര മേഖലകളില്‍ നിങ്ങള്‍ ഇപ്പോള്‍ വിശ്വസിക്കുന്ന ബുദ്ധമതം പ്രചരിപ്പിച്ചത് അവരായിരുന്നു.
ബ്രിട്ടീഷുകാര്‍ ഡല്‍ഹിയില്‍ വൈസ്‌റോയിക്ക് വീടുവെക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ മാതൃക തിരഞ്ഞ് അവര്‍ ക്ഷേത്രത്തില്‍ പോയില്ല. പകരം, ആശയങ്ങള്‍ വരക്കാന്‍ ബുദ്ധവിഹാരയാണ് അവര്‍ നോക്കിയത്. പ്രസിഡന്റിന്റെ വിരല്‍മുദ്ര പതിക്കാനായി 'ഉമീദ്' രാഷ്ട്രപതി ഭവനിലേക്ക് കൊണ്ടുപോകുമ്പോള്‍ ആ സൗധം ഒരു ക്ഷേത്രത്തിന്റെ രൂപമാണോ അതല്ല, ബുദ്ധവിഹാര മാതൃകയാണോ എന്ന് പരിശോധിക്കുക.
പാര്‍ലമെന്റില്‍ വഖഫ് ബില്‍ ചര്‍ച്ച നടക്കുന്ന അതേ ദിവസം, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് മഹാകുംഭമേള നടന്ന ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് അധികൃതര്‍ അവകാശപ്പെട്ടുവെന്നാണ്. ഇനി അത് ശരിയാണെങ്കില്‍ തന്നെ, ഗംഗയുടെ തീരത്ത് നിന്ന് മുഴുവന്‍ മുസ്‌ലിം കച്ചവടക്കാരേയും എന്തിനേറെ ഒരു വെള്ളക്കുപ്പി വില്‍ക്കുന്നയാളെ പോലും ഓടിക്കുന്നതിന് യോഗിക്ക് ഈ അവകാശ വാദം തടസ്സമായോ. ആഭ്യന്തര മന്ത്രി അമിത് ഷാ വാദിച്ചത് വഖഫ് അധികൃതര്‍ പാര്‍ലമെന്റും വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ടേക്കാമെന്നാണ്. നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും ഭീതി പടര്‍ത്തുന്ന കലയില്‍ എന്നേ മിടുക്ക് തെളിയിച്ചവരാണ്. 318 വര്‍ഷം മുമ്പ് മരിച്ച ഔറംഗസീബിനെ പോലും നിങ്ങള്‍ വെറുതെ വിടുന്നില്ല.
ഓരോ മാസവും 70 ലക്ഷത്തിന്റെ വൈദ്യുതി ഉപയോഗിക്കുന്നത്രയും വിചിത്രമായ ആന്റീലിയ എന്ന മുകേഷ് അംബാനിയുടെ മുംബൈയിലെ വസതി വഖഫ് ഭൂമിയിലാണെന്ന് മുഴുവന്‍ ലോകത്തിനുമറിയാം. എന്നാല്‍ അതിന്റെ പേരില്‍ അംബാനിക്ക് എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടോ. എന്നിട്ടും, സുപ്രിം കോടതിയെക്കാള്‍ ശക്തിയുള്ളതാണ് വഖഫ് ബോര്‍ഡ് എന്നാണ് നിങ്ങള്‍ ചിത്രീകരിക്കുന്നത്.
സീറോ മലങ്കര കാത്തലിക് സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോ ക്ലിമ്മീസ് പോലുള്ള ചിലര്‍ ഈ പ്രചാരണത്തില്‍ വീണുപോവുകയും ചെയ്തിട്ടുണ്ട്. 600 ഓളം കുടുംബങ്ങളുള്ള, ഏറെയും കത്തോലിക്കരായ മുനമ്പത്തെ താമസക്കാരുടെ വിഷയമെന്ന നിലക്കാണ് അദ്ദേഹം അതിനെ കണ്ടത്. ഇടുങ്ങിയ കാഴ്ചപ്പാടിലൂടെയാണ് അദ്ദേഹം വിഷയത്തെ നോക്കിക്കാണുന്നത്. അംബാനിയെ ആന്റീലിയയില്‍നിന്ന് കുടിയിറക്കിയിട്ടില്ലെങ്കില്‍ പിന്നെ മുനമ്പത്തെ ജനത എങ്ങിനെ കുടിയിറക്കപ്പെടും.
ബില്‍ തയാറാക്കുംമുമ്പ് മുസ്‌ലിംകളുമായി കടിയാലോചന ഉണ്ടായിട്ടില്ലെന്നതാണ് വിഷയത്തിലെ വിശാലമായ വിഷയം. അത് പാര്‍ലമെന്ററി സമിതി പരിശോധിച്ചുവെന്ന് നിങ്ങള്‍ സൂചിപ്പിച്ചു. ഒരു പ്രതിപക്ഷ അംഗത്തിന്റെയെങ്കിലും നിര്‍ദേശം സ്വീകരിച്ചുകൂടായിരുന്നോ ലോക്‌സഭയിലും രാജ്യസഭയിലും നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു പ്രതിപക്ഷ എം.പിയുടെയെങ്കിലും നിര്‍ദേശം സ്വീകരിച്ചോ. അത് ഒരു സര്‍ക്കാര്‍ ബില്ലായിരുന്നു. സര്‍ക്കാറിനാല്‍, സര്‍ക്കാറിനു വേണ്ടി തയാര്‍ ചെയ്ത ബില്‍.
വഖഫ് വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ മുസ്‌ലിം ഇതരരെ അനുവദിക്കുന്നത് വഴി വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം മുസ്‌ലിംകള്‍ക്ക് നഷ്ടമാകും. മദ്‌റസകള്‍, യതീം ഖാനകള്‍, ആശുപത്രികള്‍ എന്നിവ നടത്താനുള്ള ആസ്തികള്‍ അവരില്‍നിന്ന് തട്ടിയെടുക്കപ്പെടും. ബില്ലിലെ അജണ്ട വിവേചനശേഷിയുള്ളവര്‍ക്ക് വ്യക്തമാണ്. സുവര്‍ണ ക്ഷേത്രം എന്ന് നാമറിയുന്ന ശ്രീ ഹര്‍മന്ദിര്‍ സാഹിബ്, ദര്‍ബാര്‍ സാഹിബ് നിയന്ത്രണം നടത്തുന്ന ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) ബില്ലിനെ എതിര്‍ത്തതില്‍ അദ്ഭുതം തോന്നുന്നവര്‍ വിരളമാകും. കാരണം, ഇതേ സര്‍ക്കാര്‍ സിഖ് ഗുരുദ്വാര നിയമവും ഭേദഗതി ചെയ്യാമെന്ന് അവര്‍ മനസ്സിലാക്കുന്നു. കത്തോലിക്ക സഭാ നേതൃത്വത്തിന് മരങ്ങള്‍ക്ക് പകരം കാടുകള്‍ കാണാന്‍ കഴിയുന്നില്ല.
കാതലിക് ചര്‍ച്ചിന് മാത്രമല്ല, മറ്റ് ചര്‍ച്ചുകള്‍ക്കും ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സ്വന്തമായുണ്ട്. അവക്ക് ശതകോടികള്‍ മൂല്യം വരും. ഇതേ വാദമുന്നയിച്ച് സര്‍ക്കാറിന് ഇവയും കൈയേറാം. ബ്രിട്ടീഷുകാര്‍ 100 വര്‍ഷത്തെ വായ്പക്ക് നല്‍കിയ സര്‍ക്കാര്‍ ഭൂമിയിലാണ് ചര്‍ച്ചിനു കീഴിലെ നിരവധി സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിക്കുന്നത്. ഇത്തരം ആസ്തികള്‍ ഒഴിയാന്‍ സഭക്കുമേല്‍ സമ്മര്‍ദം ആരംഭിച്ചിട്ടുണ്ട്- ന്യൂ ഡല്‍ഹിയിലെ ആര്‍മി കന്റോണ്‍മെന്റ് ഉദാഹരണമാണ്.
പാര്‍ലമെന്റ് വഖഫ് ബില്‍ ചര്‍ച്ച നടത്തുമ്പോള്‍ ചില പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയിലേക്ക് ജബല്‍പൂരില്‍ രണ്ട് കത്തോലിക പുരോഹിതര്‍ ആക്രമിക്കപ്പെട്ട വിഷയം എടുത്തിട്ടിരുന്നു. ന്യൂനപക്ഷ കാര്യ ചുമതലയുള്ള മന്ത്രിയെന്ന നിലക്ക് ആ വിഷയത്തില്‍ എടുത്ത നടപടിയെ കുറിച്ച് മറുപടി പറയാന്‍ ആരാണ് നിങ്ങള്‍ക്ക് തടസ്സം നിന്നത്
ഇങ്ങനെയൊക്കെയാണെങ്കിലും താങ്കള്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉദ്ധരിച്ചുകണ്ടത് സന്തോഷമായി. എനിക്കും ട്രിബ്യൂണിലെ സഹപ്രവര്‍ത്തകര്‍ക്കുമെതിരെ പഞ്ചാബ്- ഹരിയാന ഹൈകോടതി സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍ ഹാജരായിരുന്നു. വഖഫ് ഭൂമിയെ കുറിച്ച് എന്തു പറയുന്നുവെന്ന് കാണാനല്ലാതെ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലൂടെ താങ്കള്‍ കണ്ണോടിച്ചിട്ടുണ്ടോ വഖഫ് ആസ്തികള്‍ വാണിജ്യ ഉപയോഗത്തിനായി മാറ്റുകയാണെങ്കില്‍ അത് ഏറ്റവും കൂടുതല്‍ സമ്പന്നരാക്കുക മുസ്‌ലിംകളെയാണെന്ന് നിങ്ങള്‍ പറയുന്നു.
ചങ്ങാത്ത മുതലാളിത്തിനു കീഴില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് ഇതൊക്കെയാണ്. സര്‍ക്കാര്‍ ഭൂമികള്‍ അംബാനിയും അദാനിയും പോലുള്ളവര്‍ക്ക് കൈമാറുന്നു. അങ്ങനെ അവര്‍ ലോകത്തെ അതിസമ്പന്നനായി മാറുന്നു. പാവപ്പെട്ടവര്‍ പിന്നെയും പിന്നെയും താഴേക്ക് തള്ളപ്പെടുന്നു. മുസ്‌ലിംകള്‍ക്ക് വഖഫ് ആസ്തികള്‍ കൈമാറിയാല്‍ അവര്‍ക്ക് ശതകോടികള്‍ സ്വന്തമാക്കാം. മുംബൈയിലെ സ്ത്രീകള്‍ ഒരു പാത്രം ജലം കിട്ടാന്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കുമ്പോള്‍ അവര്‍ക്ക് ടെറസിനു മുകളില്‍ നീന്തല്‍ കുളമുണ്ടാക്കാം.
എന്നാല്‍ അതിനും സച്ചാര്‍ കമ്മിറ്റി നിരവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിലൊന്ന് സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ അര്‍ഹര്‍ക്ക് ലഭിക്കുന്നോ എന്ന് നിരീക്ഷിക്കാനുള്ള സംവിധാനമാണ്.
എനിക്ക് ഏറ്റവും കൗതുകം തോന്നിയത് മുസ്‌ലിം ക്ഷേമം അങ്ങയുടെ സര്‍ക്കാറിന്റെ മുന്തിയ പരിഗണനയാണെന്ന താങ്കളുടെ ഊന്നല്‍ കേട്ടപ്പോഴാണ്. നിങ്ങള്‍ അംഗമായ മന്ത്രിസഭയില്‍ ഒറ്റ മുസ്‌ലിം സഹപ്രവര്‍ത്തകന്‍ പോലുമില്ല. രാജ്യത്ത് 20 കോടി വരും മുസ്‌ലിംകള്‍. അത്രയും ആളുകല്‍ക്കിടയില്‍ നിന്ന് സമുദായത്തെ പ്രതിനിധീകരിക്കാന്‍ ഒരാളെ പോലും കണ്ടെത്താന്‍ പ്രധാനമന്ത്രിക്കായില്ലെന്നത് അവിശ്വസനീയം തന്നെ. കേന്ദ്രത്തെ വിടാം. ഗുജറാത്ത് മണിപ്പൂര്‍ ഡല്‍ഹി മുതല്‍ ഉത്തരാഖണ്ഡ് വരെ ഏതെങ്കിലും ഒരു സംസ്ഥാന മന്ത്രിസഭയില്‍ ഒറ്റ മുസ്‌ലിമുണ്ടോ?
മോദി മുസ്‌ലിംകളെ കുറിച്ചുള്ള തന്റെ ആശങ്ക പ്രകടിപ്പിച്ചത് രണ്ടാമൂഴത്തില്‍ മുത്തലാഖ് നിരോധിച്ചാണ്. വിവാഹ മോചനം ഒരു സ്ത്രീയെ വൈവാഹിക അടിമത്തം അവസാനിപ്പിക്കാന്‍ സഹായിക്കും. വിശിഷ്യാ, ഭര്‍ത്താവ് ഒന്നിച്ചുപോകാന്‍ താല്‍പര്യപ്പെടാത്തപ്പോള്‍. ഭാര്യയെ ഉപേക്ഷിച്ചുപോകുന്നതിനെക്കാള്‍ അത് എന്തുകൊണ്ടും മെച്ചം.
മുത്തലാഖ് നിയമം നിലവില്‍ വന്ന് അഞ്ചു വര്‍ഷത്തിലേറെയായി. അതിന്റെ പേരില്‍ ഏതെങ്കിലും ഒരാള്‍ക്കെതിരെ കുറ്റം ചുമത്തിയത് താങ്കള്‍ക്ക് പരാമര്‍ശിക്കാനാകുമോ. മുസ്‌ലിംകളെ സഹായിക്കുന്നതിന് പകരം ഹിന്ദുത്വവാദികളെ പ്രീണിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ആ നിയമം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, വഖഫ് ബില്ലും അതേ രീതിതന്നെ പിന്തുടരുന്നതാണ്. മുസ്‌ലിംകള്‍ക്ക് തങ്ങളുടെ പരിമിതമായ അവകാശങ്ങള്‍ കൂടി അത് നിഷേധിക്കുന്നു. ക്രിസ്ത്യാനികള്‍ ഇത് മനസ്സിലാക്കിയിരുന്നെങ്കില്‍ എന്നു മാത്രമാണ് എന്റെ ആഗ്രഹം. ജോണ്‍ ഡണ്ണിന്റെ വാക്കുകള്‍ കടമെടുത്താല്‍, ഈ ബെല്‍ മുഴങ്ങിയത് മുസ്‌ലിംകള്‍ക്ക് മാത്രമല്ല, ക്രിസ്ത്യാനികള്‍ക്ക് കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."