'തെറ്റായ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ വയസ്സായെന്ന ഓര്‍മ വേണം'; പോക്‌സോ കേസില്‍ യെദ്യൂരപ്പയോട് കര്‍ണാടക ഹൈക്കോടതി
ബെംഗളുരു: തെറ്റായ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ വയസ്സായെന്ന ഓര്‍മ വേണമെന്ന് ബിഎസ് യെദ്യൂരപ്പയോട് കര്‍ണാടക ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അനുവദിച്ച ജാമ്യഹരജിയില്‍ കീഴ്‌ക്കോടതി നിര്‍ദേശിച്ച ജാമ്യഹരജിയിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണെമന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഇളവ് തേടിയപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
ബിഎസ് യെദ്യൂരപ്പ നല്‍കിയ മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് കര്‍ണാടക ഹൈക്കോടതി പ്രതികരണം തേടി.
ഫെബ്രുവരി 7ന് മുന്‍കൂര്‍ ജാമ്യം ലഭിച്ച യെദ്യൂരപ്പയ്ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ വിചാരണ കോടതിയുടെ അധികാരപരിധി വിട്ടുപോകാന്‍ വിലക്കുണ്ട്. ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യേണ്ടിവരുമെന്ന് വാദിച്ചാണ് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചത്. യെദ്യൂരപ്പയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സി.വി നാഗേഷ് ഹാജരായി.
'മുതിര്‍ന്ന രാഷ്ട്രീയ നേതാവിനോട് വളരെയധികം ആദരവോടെ, ഇത്തരത്തിലുള്ള തെറ്റായ പവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ ഇതേക്കുറിച്ചെല്ലാം അറിഞ്ഞിരിക്കണം' എന്നാണ് ജസ്റ്റിസ് പ്രദീപ് സിംഗ് യെരൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.
ജാമ്യ വ്യവസ്ഥയിലെ മാറ്റങ്ങള്‍ക്കായുള്ള അപേക്ഷയില്‍ വിശദമായ എതിര്‍പ്പുകള്‍ സമര്‍പ്പിക്കുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രൊഫസര്‍ രവിവര്‍മ്മ കുമാര്‍ കോടതിയെ അറിയിച്ചു. അതനുസരിച്ച് പ്രതികരണം സമര്‍പ്പിക്കാന്‍ കോടതി പ്രോസിക്യൂഷനോട് നിര്‍ദ്ദേശിച്ചു.
ഫെബ്രുവരി 2ന് ഡോളറസ് കോളനിയിലെ വസതിയില്‍ നടന്ന ഒരു യോഗത്തിനിടെ യെദ്യൂരപ്പ തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."