നൊബേല്‍ സമ്മാന ജേതാവ് മരിയോ വര്‍ഗാസ് യോസ അന്തരിച്ചു
ലിമ: പ്രശസ്ത എഴുത്തുകാരനും ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ കുലപതിയുമായിരുന്ന പെറുവിയന്‍ സാഹിത്യകാരന്‍ മരിയോ വര്‍ഗാസ യോസ അന്തരിച്ചു. 89-ാം വയസ്സായിരുന്നു.
1960 മുതല്‍ ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യരംഗത്തെ ഒരു മുന്‍നിര വ്യക്തിയായിരുന്നു യോസ. നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകത്തെ പല സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റുകളും, സമ്മാനങ്ങളും, അവാര്‍ഡുകളും വര്‍ഗാസ് യോസക്ക് ലഭിച്ചിട്ടുണ്ട്. 2010-ലെ സാഹിത്യ നോബല്‍ സമ്മാന ജേതാവാണ് യോസ. 'അധികാര ഘടനകളുടെ ഭൂപടനിര്‍മ്മാണം, വ്യക്തിയുടെ പ്രതിരോധം, കലാപം, പരാജയം എന്നിവയുടെ വ്യക്തമായ ചിത്രങ്ങള്‍' എന്നിവയ്ക്കാണ് സ്വീഡിഷ് അക്കാദമി അദ്ദേഹത്തിന് നോബല്‍ പുരസ്‌കാരം നല്‍കിയത്.
'നമ്മള്‍ വായിച്ചിട്ടുള്ള നല്ല പുസ്തകങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മോശമായിരിക്കും, കൂടുതല്‍ അനുരൂപവാദികളായിരിക്കും, അത്രയും അസ്വസ്ഥരല്ല, കൂടുതല്‍ വിധേയത്വമുള്ളവരായിരിക്കില്ല, വിമര്‍ശനാത്മക മനോഭാവം, പുരോഗതിയുടെ എഞ്ചിന്‍ പോലും നിലനില്‍ക്കില്ല. എഴുത്ത് പോലെ തന്നെ, വായനയും ജീവിതത്തിലെ അപര്യാപ്തതകള്‍ക്കെതിരായ ഒരു പ്രതിഷേധമാണ്,' 2010 ഡിസംബര്‍ 7 ന് സ്റ്റോക്ക്‌ഹോമിലെ സ്വീഡിഷ് അക്കാദമിയില്‍ വെച്ച് നോബല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് യോസ പറഞ്ഞു.
കൗമാരപ്രായത്തില്‍ ലിമയിലെ ഒരു സൈനിക അക്കാദമിയില്‍ ചേര്‍ന്ന യോസ താമസിയാതെ ഒരു പ്രാദേശിക പത്രപ്രവര്‍ത്തകന്റെ ജോലിയിലേക്ക് മാറി. 1950 കളുടെ അവസാനത്തിലാണ് യോസ ചെറുകഥകള്‍ എഴുതാന്‍ തുടങ്ങിയത്. 1959 ല്‍ പാരീസിലേക്ക് താമസം മാറിയ യോസ വര്‍ഷങ്ങളോളം അവിടെ താമസമാക്കി.
1981-ല്‍ പുറത്തിറങ്ങിയ 'ദി വാര്‍ ഓഫ് ദി എന്‍ഡ് ഓഫ് ദി വേള്‍ഡ്', 2000-ല്‍ പുറത്തിറങ്ങിയ 'ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്' എന്നിവയാണ് പ്രധാന കൃതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."