ഒരു പാകിസ്ഥാനിയും ഇന്ത്യയിൽ തങ്ങരുത്: സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ നയതന്ത്ര നടപടികള്‍ കര്‍ശനമാക്കിയതിന് പിന്നാലെ, രാജ്യത്ത് ഒരു പാകിസ്ഥാനി പൗരനും തങ്ങരുതെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരോടും ആവശ്യപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് പൗരന്മാരുടെ വിസകള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിമാരുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചത്.
സാർക്ക് വിസ ഇളവ് പദ്ധതി (എസ്‌വിഇഎസ്) പ്രകാരം പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് അനുമതി നിഷേധിച്ച് ഇന്ത്യൻ സർക്കാർ. ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിൽ, നിലവിൽ എസ്‌വിഇഎസ് വിസയിൽ ഇന്ത്യയിൽ തങ്ങുന്ന പാകിസ്ഥാൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.
ഏപ്രിൽ 24-ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ, പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയിട്ടുള്ള എല്ലാ സാധുവായ വിസകളും ഏപ്രിൽ 27 മുതൽ റദ്ദാക്കിയതായി വ്യക്തമാക്കി. സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോഓപ്പറേഷൻ (സാർക്ക്) വിസയിൽ ഇന്ത്യയിൽ പ്രവേശിച്ചവർക്ക് രാജ്യം വിടാനുള്ള ഈ നിർദേശം, പ്രത്യേകിച്ച് ഹ്രസ്വകാല വിസകളിൽ താമസിക്കുന്നവർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, ഏപ്രില്‍ 27 മുതല്‍ പാകിസ്ഥാന്‍ പൗരന്മാരുടെ എല്ലാ വിസകളും റദ്ദാക്കുകയും അവര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ വിസയില്‍ എത്തിയവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടണമെന്നും, മറ്റുള്ളവര്‍ക്ക് ഏപ്രില്‍ 27 വരെ മാത്രമേ രാജ്യത്ത് തുടരാന്‍ അനുവാദമുള്ളൂവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഓരോ സംസ്ഥാനത്തും താമസിക്കുന്ന പാകിസ്ഥാന്‍ പൗരന്മാരെ കണ്ടെത്തി അവരെ നാടുകടത്താന്‍ മുഖ്യമന്ത്രിമാര്‍ നടപടി സ്വീകരിക്കണമെന്ന് അമിത് ഷാ നിര്‍ദേശിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വിസ അപേക്ഷകള്‍ നിരസിക്കാനും, നിലവില്‍ സാധുതയുള്ള എല്ലാ വിസകളും റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, പാകിസ്ഥാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് എത്രയും വേഗം തിരികെ മടങ്ങാനും വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ കര്‍ശന നടപടികളെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."