സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത് ചീഞ്ഞ പാമ്പ്, ഭക്ഷ്യ വിഷബാധയേറ്റത് 100 ലധികം കുട്ടികൾക്ക്, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
പട്ന: ബിഹാറിലെ സർക്കാർ സ്കൂളിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ് കലർന്നതിനെ തുടർന്ന് 100 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പട്നയ്ക്ക് സമീപം മൊക്കാമയിൽ ഏപ്രിൽ 24-നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരിക്കുന്നത്.
ഭക്ഷണത്തിൽ ചത്ത പാമ്പ് കണ്ടെത്തിയെങ്കിലും, അത് നീക്കം ചെയ്ത് ശേഷം ഭക്ഷണം വിതരണം ചെയ്തുവെന്നാണ് വിവരം. ഇത് കുട്ടികളുടെ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. ബിഹാർ ചീഫ് സെക്രട്ടറിയോടും പട്ന പൊലീസ് സൂപ്രണ്ടിനോടും രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദേശിച്ചു. കുട്ടികളുടെ ആരോഗ്യനില ഉൾപ്പെടെയുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.
സ്കൂളിൽ നിന്ന് ഏകദേശം 500 കുട്ടികൾ ഉച്ചഭക്ഷണം കഴിച്ചതായാണ് വിലയിരുത്തൽ. ഭക്ഷ്യവിഷബാധയെ തുടർന്ന് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഗ്രാമവാസികൾ പ്രദേശത്തെ റോഡ് ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."