'എനിക്കെന്റെ സിന്ദൂരം തിരിച്ചുതരൂ' 19 ദിവസമായി പാകിസ്താന്റെ കസ്റ്റഡിയിലുള്ള ജവാന്റെ ഭാര്യയുടെ വൈകാരികമായ അഭ്യര്‍ത്ഥന
ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്ന് പാകിസ്ഥാന്റെ പിടിയിലായി 19 ദിവസം പിന്നിട്ടിട്ടും ബി.എസ്.എഫ് ജവാന്റെ മോചനം അനിശ്ചിതമായി നീളുന്നു. ഇന്ത്യ- പാക് സംഘർഷത്തിന് വെടിനിർത്തലിലൂടെ പരിഹാരമായിട്ടും പാക് സൈനിക കസ്റ്റഡിയിലുള്ള ബി.എസ്.എഫ് ജവാൻ പൂർണം കുമാർ ഷാ(34)യുടെ മോചന കാര്യത്തിൽ കാര്യമായ പുരോഗതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മെയ് ഏഴിന് പാക് അധീന കശ്മിരിലും പാകിസ്ഥാനിലും ആക്രമണം നടത്തുന്നതിന് മുമ്പ് വരെ സൈനിക തലത്തിൽ ജവാന്റെ മോചന കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. പിന്നീട് നാലുദിവസത്തോളം നീണ്ട സംഘർഷത്തിനിടെ ഇക്കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല.
അതേസമയം, വെടിനിർത്തൽ ഉണ്ടായിട്ടും തന്റെ ഭർത്താവിന്റെ മോചനം വൈകുന്നതിൽ പൂർണം കുമാർ ഷായുടെ ഭാര്യ രജനിയും കുടുംബവും ആശങ്കയിലാണ്. പൂർണ ഗർഭിണിയായ രജനി തന്റെ ഭർത്താവിന്റെ കാര്യത്തിൽ വേഗത്തിലുള്ള നടപടിയുണ്ടാവണമെന്ന് ആവശ്യം ആവർത്തിക്കുന്നു.
'ഭർത്താവിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും കഴിഞ്ഞ കുറേ ദിവസമായി ലഭ്യമല്ല. പിടിയിലായതിന് തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ ഫോട്ടോ പാക് സൈന്യം പുറത്തുവിട്ടിരുന്നു. പിന്നീട് വിവരങ്ങൾ പങ്കുവയ്ക്കാൻ അവർ തയാറായില്ല. ഇനി എന്ത് വാർത്ത വരുമെന്ന് എനിക്കറിയില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും ഭർത്താവിനെക്കുറിച്ച് ഒരു വിവരവുമില്ല. എന്റെ സിന്ദൂരം തിരികെ തരൂ, സർക്കാരേ... ' രജനിക്ക് കരച്ചിലടക്കാനായില്ല.
സൈനിക തലത്തിലും നയതന്ത്രതലത്തിലുമുള്ള ഇടപെടൽ വേഗത്തിലാക്കി ഭർത്താവിന്റെ മോചനം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.ബി.എസ്.എഫിന്റെ ഫിറോസ്പൂർ 24ാം ബെറ്റാലിയൻ അംഗമായ പൂർണം കുമാർ ഷാ ഏപ്രിൽ 24നാണ് നിയന്ത്രണ രേഖ കടന്നതിനെ തുടർന്ന് പാക് പിടിയിലായത്. അതിർത്തി മേഖലയിലെ കർഷകരെ സുരക്ഷിത മേഖലയിലേക്ക് ഒഴിപ്പിക്കുന്നതിനിടെയാണ് ജവാൻ അബദ്ധത്തിൽ നിയന്ത്രണ രേഖ കടന്നത്.
Give me back my vermilion Wifes emotional plea to jawan in Pakistani custody for 19 days
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."