വരുമാനത്തില്‍ മുന്നിലായിട്ടും പരിഗണനയില്ല പരപ്പനങ്ങാടി ആദര്‍ശ് റെയില്‍വെ സ്റ്റേഷന്‍ അവഗണനയുടെ ട്രാക്കില്‍
പരപ്പനങ്ങാടി: യാത്രാ, ചരക്ക് ഇനത്തില്‍ പ്രതിദിനം ഒരുലക്ഷംരൂപയോളം റെയില്‍വേക്ക് വരുമാനം ലഭിക്കുന്ന പരപ്പനങ്ങാടി ആദര്‍ശ് റെയില്‍വെ സ്റ്റേഷന്‍ വികസനകാര്യത്തില്‍ അവഗണനയുടെ ട്രാക്കില്‍.വരുമാനം കുറഞ്ഞതും ചെറിയതുമായ ഒട്ടുമിക്ക സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന ഫൂട്ട്ഓവര്‍ബ്രിഡ്ജുകളുള്ളപ്പോള്‍ പരപ്പനങ്ങാടിയില്‍ റെയില്‍മുറിച്ചകടന്നുവേണം മറുപുറമെത്താന്‍. ഇത് സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ദുരിതമാകുകയാണ്. ഇതു പലപ്പോഴും അപകടത്തിനിടയാക്കുന്നുമുണ്ട്.
രോഗികളും മുതിര്‍ന്നവരും പ്ലാറ്റ്‌ഫോമുകളുടെ പുറത്തുള്ള ട്രോളിപാത്തിലൂടെ കടന്നാണ് മറുകരഎത്തുന്നത്. ഒരുകിലോമീറ്ററോളം ദൂരമുള്ള പ്ലാറ്റ്‌ഫോമിലൂടെ നടന്നു ട്രോളിപാത്തിലൂടെ നടന്നെത്തി കയറുന്നതിനു മുമ്പ് ട്രെയിന്‍ സ്റ്റേഷന്‍ വിട്ടിരിക്കും. ട്രെയിനില്‍ കയറാനുള്ള പരക്കം പാച്ചിലില്‍ ട്രോളിപാത്തില്‍ വച്ചു ട്രെയിനിടിച്ച് യാത്രികര്‍ മരണപ്പെട്ട സംഭവവുമുണ്ടായിട്ടുണ്ട്. ഇരട്ടപാത യാഥാര്‍ഥ്യമായതോടെ ഇരുഭാഗത്തേക്കുമോടുന്ന വണ്ടികള്‍ ഓട്ടത്തിനിടയില്‍ ശ്രദ്ധയില്‍പ്പെടാതെ പോകുകയാണ്.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നിരന്തരഇടപെടലിനെ തുടര്‍ന്ന് ഫുട്ടോവര്‍ബ്രിഡ്ജ് നിര്‍മാണം ആരംഭിച്ചിരുന്നു. എന്നാല്‍ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഇതിന്റെ പ്രവൃത്തി ഒച്ചിഴക്കത്തിലാണ് നീങ്ങുന്നത്. എം.പിയുടെ ശ്രമഫലമായി പുതിയ കൊമേഴ്‌സ്യല്‍ കെട്ടിടം പണിയുകയും സ്റ്റെഷനിലെത്താന്‍ പടികള്‍ ചവിട്ടിക്കയറുന്ന സാഹചര്യം ഒഴിവാക്കി റാമ്പ് നിര്‍മിക്കുകയും ചെയ്തിരുന്നു.
രണ്ടാം പ്ലാറ്റ്‌ഫോമില്‍ മേല്‍ക്കൂര ഇല്ലാത്ത പ്രശ്‌നം പരിഹരിക്കാന്‍ മലബാര്‍ സിമന്റുമായി സഹകരിച്ച് ഷെല്‍ട്ടറുകള്‍ പണിയാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചെങ്കിലും നടപ്പിലായിട്ടില്ല. ആവശ്യത്തിനുള്ള ഇരിപ്പിടങ്ങളും കുറവാണ്.
മേല്‍പാലം നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന യാത്രക്കാരുടെ മുറവിളി റെയില്‍വെ അധികൃതര്‍ കേട്ടഭാവം നടിക്കാത്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."